06 January, 2019 07:33:28 PM


സുന്നത്തിനിടെ ലിംഗം മുറിഞ്ഞു; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍



തിരുവനന്തപുരം: സുന്നത്ത് കര്‍മ്മത്തിനിടെ 23 ദിവസം പ്രായമായ കുഞ്ഞിന് ലിംഗത്തിന്‍റെ 75 ശതമാനം നഷ്ടമായ കേസില്‍ സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ഇടക്കാലാശ്വാസം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. എംബിബിഎസ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുളള ഡോക്ടര്‍ ആധുനിക സൗകര്യങ്ങളില്ലാത്ത ആശുപത്രിയില്‍ വച്ച് നടത്തിയ സുന്നത്ത് കര്‍മ്മത്തിനിടെയാണ് പിഞ്ചു കുഞ്ഞിന് ഗുരുതര പരിക്കേറ്റത്.


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയില്‍ ഡോക്ടറുടെ പരിചയക്കുറവാണ് പിഴവിലേക്ക് വഴിവച്ചത്. ഓപ്പറേഷന്‍ തിയറ്ററും ഫാര്‍മസിയും നിബന്ധനകള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തി. കുഞ്ഞിന്റെ ചികില്‍സയ്ക്കായി ഒന്നേകാല്‍ ലക്ഷം രൂപയിലധികം മാതാപിതാക്കള്‍ ഇതിനോടകം ചെലവാക്കിയതായും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 


ആശുപത്രിയുടെ സേവനം അപകടകരവും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. പരാതിയുമായി സമീപിച്ച മാതാപിതാക്കളോട് പൊലീസിന്റെ സമീപനം മോശമായിരുന്നെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഇപ്പോള്‍ മൂത്രം പോകുന്നതിനായി അടിവയറ്റില്‍ ദ്വാരം ഇടേണ്ട അവസ്ഥയിലാണ് കുഞ്ഞ്. 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 18(എ)(1) അനുസരിച്ചാണ് ഉത്തരവ്. ചീഫ് സെക്രട്ടറിക്കാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവ് നല്‍കിയത്. നവജാത ശിശുക്കളില്‍ നടത്തുന്ന ഇത്തരം ശസ്ത്രക്രിയയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K