06 January, 2019 08:09:44 PM


വനിതാ മതിലില്‍ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചു; എന്‍ എസ് എസില്‍ നിന്ന് വനിതാ അംഗങ്ങളുടെ സംയുക്ത രാജി



തൃശൂർ: എന്‍ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വിലക്ക് ലംഘിച്ച് അംഗങ്ങൾ വനിതാ മതിലിൽ പങ്കെടുത്തതിനെ ചൊല്ലി തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയനിൽ പൊട്ടിത്തെറി. എൻ എസ് എസിന്‍റെ വിലക്ക് ലംഘിച്ച് മതിലിൽ പങ്കെടുത്ത വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും കൗൺസിലറും എൻ എസ് എസിലെ പദവികൾ രാജിവെച്ചു. വനിതാ യൂണിയൻ പ്രസിഡന്‍റായി ദീർഘനാൾ പ്രവർത്തിച്ച ടി എൻ ലളിത, മെമ്പർ പ്രസീത സുകുമാരൻ എന്നിവരാണ് രാജിവെച്ചത്.


ആചാര സംരക്ഷണത്തിനായി എൻ എസ് എസിന്‍റെ നിർദ്ദേശമനുസരിച്ച് നാമജപ ഘോഷയാത്രകളിലും മറ്റ് പരിപാടികളിലും സജീവമായിരുന്ന രണ്ട് പേരും ജനുവരി ഒന്നിന് നടന്ന വനിതാ മതിലിലും കണ്ണികളാവുകയായിരുന്നു. ഇക്കാര്യം നേരത്തെ തന്നെ താലൂക്ക് യൂണിയൻ ഭാരവാഹികളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഇവരോട് പങ്കെടുക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ ഇരുവരും വനിതാമതിലില്‍ പങ്കാളികളാകുകയായിരുന്നു. ഇവരുടെ നിർദ്ദേശമനുസരിച്ച് സമുദായാംഗങ്ങളായ മറ്റ് ചിലരും വനിതാ മതിലിൽ പങ്കെടുത്തിരുന്നു. മതിലിൽ അണി ചേരുക മാത്രമായിരുന്നില്ല, അത്താണിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ലളിത സംസാരിക്കുകയും എൻ എസ് എസ് നിലപാടിനെ വിമർശിക്കുകയും ചെയ്തിരുന്നു. 


വിലക്ക് ലംഘിച്ച് ഇവർ വനിതാമതിലിൽ പങ്കെടുത്തത് സംസ്ഥാന നേതൃത്വത്തിനും ക്ഷീണമായി. ഇതോടെ ഇവരോട് വിശദീകരണം തേടാൻ യൂണിയൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിശദീകരണത്തിനൊപ്പം ഇരുവരും സംഘടനയില്‍ നിന്ന് രാജി വെക്കുക കൂടിയായിരുന്നത്രേ. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് അഡ്വ പി ഋഷികേശ് ഇവരുടെ രാജി സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു ഋഷികേശിന്‍റെ മറുപടി. എന്‍ എസ് എസില്‍ നിന്ന്  രാജിവെച്ചെന്നും ഇതേ കുറിച്ച് പിന്നീട് പ്രതികരിക്കുമെന്നും ലളിത പറഞ്ഞു. നേതാക്കളുടെ രാജിയോടെ മതിലിൽ അണിനിരന്ന മറ്റനേകം എൻ എസ് എസ് പ്രവർത്തകരും രാജിക്കൊരുങ്ങുകയാണെന്നും സൂചനയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K