11 January, 2019 07:04:38 PM


ഏറ്റുമാനൂര്‍ നഗരത്തില്‍ ഫ്ലൈ ഓവര്‍: സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചു; തുടക്കം ശക്തിനഗറില്‍ നിന്ന്



കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുന്നു. സ്ഥലമേറ്റെടുക്കുന്നതിന്‍റെ ഭാഗമായി അടുത്ത മാസം അതിരുകല്ലുകള്‍ ഇടും. എം.സി.റോഡിന് മുകളിലൂടെ 1.30 കിലോമീറ്റര്‍ നീളത്തിളും 8.9 മീറ്റര്‍ വീതിയിലുമാണ് നിര്‍ദ്ദിഷ്ട ഫ്ലൈ ഓവര്‍. ഏറ്റുമാനൂര്‍ ശക്തിനഗറില്‍ വികെബി റോഡിനടുത്ത് നിന്ന് ആരംഭിച്ച് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിനപ്പുറം യൂണിയന്‍ ബാങ്കിന് മുന്നില്‍ അവസാനിക്കും വിധമാണ് മേല്‍പ്പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2016 സെപ്തംബര്‍ 27ന് ഭരണാനുമതി ലഭിച്ച ഫ്ലൈ ഓവറിന് പദ്ധതിവിഹിതമായി ആദ്യം ഉള്‍കൊള്ളിച്ചത് 100.55 കോടി രൂപയായിരുന്നു. 2018 മെയ് 11ന് എസ്റ്റിമേറ്റ് തുക 97.16 കോടിയായി ചുരുക്കി കിഫ്ബിയുടെ അനുമതി ലഭിക്കുകയും നിര്‍മ്മാണ ചുമതല റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇരുവശത്തേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ 7 മീറ്റര്‍ വീതിയാണ് മേല്‍പ്പാലത്തില്‍ ഉണ്ടാവുക. പാലത്തിന്‍റെ നിര്‍മ്മാണത്തിന് 56 കോടിയും സ്ഥലം ഏറ്റെടുക്കുന്നതിന് 36.90 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്.

മേല്‍പ്പാലം നിര്‍മ്മാണത്തിനായി നിലവിലെ റോഡ് ഉള്‍പ്പെടെ ടൌണില്‍ എട്ട് ഏക്കറോളം സ്ഥലം ഏറ്റെടുക്കേണ്ടിവരും. പുതുതായി ഏറ്റെടുക്കാനുള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ മാനേജര്‍ അജ്മല്‍ ഷാ പറഞ്ഞു. വെള്ളിയാഴ്ച അഡ്വ.കെ.സുരേഷ്കുറുപ്പ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലമേറ്റെടുത്ത് തങ്ങള്‍ക്ക് കൈമാറിയാല്‍ 18 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭാ ഹാളില്‍ നടന്ന യോഗത്തില്‍ സബ് കളക്ടര്‍ ഇഷാ പ്രിയ, നഗരസഭാ ചെയര്‍മാന്‍ ജോയ് ഊന്നുകല്ലേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫ്ലൈ ഓവറിന്‍റെ തൂണുകള്‍ക്ക് ഇരുവശത്തുമായി ആറ് മീറ്റര്‍ വീതിയില്‍ എം.സി.റോഡ് പുനക്രമീകരിക്കും. റോഡ് നിര്‍മ്മാണത്തിന് 7.10 കോടിയും പാലം നിര്‍മ്മാണത്തിന് 43.79 കോടി രൂപയും ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് 2.46 കോടിയുമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ 15 മീറ്ററാണ് എം.സി.റോഡിന് ഉള്ളതെങ്കിലും നഗരത്തിലെത്തുമ്പോള്‍ പലയിടത്തും ആവശ്യത്തിന് വീതി ഇല്ലാത്തത് നല്ല ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് എം.സി.റോഡ് നവീകരണം പൂര്‍ത്തിയായപ്പോള്‍ കെട്ടിടങ്ങള്‍ പുതുക്കി പണിത വ്യാപാരികള്‍ വീണ്ടും സ്ഥലം വിട്ടു നല്‍കേണ്ടിവരുമോ എന്ന ആശങ്കയിലാണ്. 

ഫ്ലൈ ഓവറിന് തുക ബജറ്റില്‍ വകയിരുത്തിയതിന് പിന്നാലെ വ്യാപാരിവ്യവസായി ഏകോപനസമിതി ഒരു പ്ലാനുമായി രംഗത്തെത്തിയിരുന്നു. എം.സി.റോഡിനേയും പാലാ റോഡിനെയും മറ്റും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പ്ലാന്‍ തയ്യാറാക്കിയത് നാറ്റ്പാകിന്‍റെ സഹായത്തോടെയായിരുന്നു. അത് മുഖവിലയ്ക്കെടുക്കാതെ എം.സി.റോഡിന് മുകളിലൂടെ മാത്രം മേല്‍പ്പാലം പണിയുന്നതിനോട് മാനസികമായി വ്യാപാരികള്‍ക്ക് എതിര്‍പ്പുണ്ട്. ഫ്ലൈ ഓവര്‍ വന്നാല്‍ തങ്ങളുടെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 12.5K