11 January, 2019 09:15:43 PM


മകരവിളക്ക് ഉത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; തിരുവാഭരണ ഘോഷയാത്രയ്ക്ക് വന്‍ സുരക്ഷ


 

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ പി. ബി നൂഹ് പറഞ്ഞു. കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് കണക്കിലെടുത്ത് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ തിരക്ക് അനുസരിച്ച് ആവശ്യമായ നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തും. 

ശനിയാഴ്ച പന്തളത്തു നിന്നും പുറപ്പെടുന്ന തിരുവാഭരണഘോഷയാത്രയെ അനുഗമിക്കുന്നതിലേയ്ക്കായി വനംവകുപ്പ്, പോലീസ്, അഗ്നിശമന സേന, റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്രയ്ക്ക് അധികം സുരക്ഷ ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 13നും 14നും ജില്ലയിലെ നിരത്തുകളില്‍ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതും, ടിപ്പര്‍ ലോറികള്‍ സഞ്ചാരം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. പമ്പ കെ.എസ്.ആര്‍.ടി.സിയിലെ ഗതാഗത നിയന്ത്രണത്തിന്റെ മേല്‍നോട്ടത്തിനായി പത്തനംതിട്ട എല്‍.എ (ജനറല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍) ടി.ജി ഗോപകുമാറിനെ നിയോഗിച്ചു.

മകരജ്യോതി ദര്‍ശിക്കുന്ന അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കോളനി, നെല്ലിമല, അയ്യന്‍മല, പഞ്ഞിപ്പാറ, ഇലവുങ്കല്‍, അട്ടത്തോട് പടിഞ്ഞാറേക്കര എന്നീ വ്യൂ പോയിന്റുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിശദമായ സുരക്ഷാപരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യൂ പോയിന്റുകളില്‍ ആംബുലന്‍സ്, ഫസ്റ്റ് എയ്ഡ്, അസ്‌കാ ലൈറ്റ്, എന്നിവയും അയ്യപ്പസേവാസംഘം വോളന്റിയര്‍മാരെയും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ മകരവിളക്ക് വ്യൂപോയിന്റുകളിലും ഉച്ചഭാഷിണികള്‍ ഏര്‍പ്പെടുത്തി. 


എല്ലാ വ്യൂപോയിന്റുകളിലും ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പോലീസ്, ആരോഗ്യം, ഫയര്‍, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിച്ചു. മകരവിളക്ക് വ്യൂ പോയിന്റുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പുറമേ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് വില്ലേജ് ഓഫീസ് ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ റവന്യൂ കാര്യാലയങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ആറ് താലൂക്കുകളിലും ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലുള്ള ചാര്‍ജ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എക്‌സൈസ് വകുപ്പും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

തിരുവാഭരണപാത കടന്ന് പോകുന്ന സ്ഥലങ്ങളിലും എല്ലാ റോഡുകളിലും വൈദ്യുതിവിളക്കുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം എന്നിവ ക്രമീകരിച്ചു. കാനനപാതകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് ഇക്കോ ഗാര്‍ഡുകളെ നിയോഗിച്ചു. എല്ലാ മകരജ്യോതി വ്യൂ പോയിന്റുകളിലും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ചാര്‍ജ് ഓഫീസര്‍മാരെ ജനുവരി 13 ന് രാവിലെ ഒന്‍പത് മുതല്‍ ജനുവരി 15 ന് വൈകിട്ട് ആറ് വരെ നിയോഗിച്ചു. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. പമ്പ ഹില്‍ടോപ്പില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി പരിശോധന നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹില്‍ടോപ്പിലെ പാര്‍ക്കിംഗും മകരജ്യോതി ദര്‍ശിക്കുവാനായി തീര്‍ത്ഥാടകര്‍ കയറുന്നതും പൂര്‍ണമായും നിരോധിച്ചു. 

പമ്പ ത്രിവേണി സ്‌നാനസരസിലെ ജലത്തിന്റെ ദൗര്‍ലഭ്യം പരിഗണിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ കുള്ളാര്‍ അണക്കെട്ടില്‍ നിന്നും ജനുവരി 10 മുതല്‍ 19 വരെ 25,000 മീറ്റര്‍ ക്യൂബ് ജലം തുറന്ന് വിടുന്നതിന് അനുമതി നല്‍കി. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിലേക്കായി മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി തീര്‍ത്ഥാടകരുടെ പക്കല്‍ നിന്നും പ്ലാസ്റ്റിക് സഞ്ചികള്‍ വാങ്ങി പകരം കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുണിസഞ്ചികള്‍ വിതരണം ചെയ്ത് വരുകയാണ്. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ശബരിമലയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സ്ഥലങ്ങളിലും ആംബുലന്‍സുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

മൂഴിയാര്‍ , കൊച്ചുപമ്പ എന്നിവിടങ്ങളില്‍ അടിയന്തരഘട്ട ആശയവിനിമയം നടത്തുന്നതിലേക്കായി ഹാം റേഡിയോ സംവിധാനം ഏര്‍പ്പെടുത്തി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മകരവിളക്ക് ഉത്സവത്തിന് ശേഷം തീര്‍ത്ഥാടകരെ വടം കെട്ടി ഘട്ടം ഘട്ടമായി മാത്രമേ മടങ്ങുവാന്‍ അനുവദിക്കുകയുള്ളു. കെ.എസ്.ആര്‍.ടി.സി ബസിന്റെ മുകളില്‍ തീര്‍ത്ഥാടകര്‍ മടക്കയാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ബസുകളുടെ പിറക് വശത്തേയും മുകളിലേയും ഗ്രില്ലുകള്‍ നീക്കം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കി.

തീര്‍ഥാടകര്‍ വാഹനത്തിന്റെ അരികില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌നാനകടവുകളിലും ആവശ്യമായ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നതിനും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റും ക്രമീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. അടിയന്തിരഘട്ടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ബന്ധപ്പെടുന്നതിന് വിവിധ വകുപ്പുകളുടെ ഫോണ്‍ നമ്പറും സ്വീകരിക്കേണ്ട തുടര്‍നടപടികളും സംബന്ധിച്ച കൈപ്പുസ്തകം ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.Share this News Now:
  • Google+
Like(s): 265