14 January, 2019 08:32:49 AM


മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് : പേരൂര്‍ - ചെറുവാണ്ടൂര്‍ ഭാഗത്ത് ടാറിംഗ് ജോലികള്‍ ആരംഭിച്ചു



ഏറ്റുമാനൂര്‍: മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡിന്‍റെ രണ്ടാം ഘട്ടം നിര്‍മ്മാണത്തിന്‍റെ ഭാഗമായുള്ള ടാറിംഗ് ജോലികള്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. പൂവത്തുംമൂട് മുതല്‍ ചെറുവാണ്ടൂര്‍ വായനശാല ജംഗ്ഷന്‍ വരെയുള്ള രണ്ടര കിലോമീറ്ററോളം വരുന്ന ഭാഗത്താണ് ടാറിംഗ് നടത്തുക. ബിഎംബിസി നിലവാരത്തിലാണ് ടാറിംഗ്. ‍പതിനഞ്ച് മീറ്റര്‍ വീതിയിലുള്ള റോഡില്‍ ടാറിംഗ് നടക്കുന്നത് പത്ത് മീറ്റര്‍ വീതിയിലാണ്.

അതേസമയം പൂവത്തുംമൂട് ജംഗ്ഷന്‍ മുതല്‍ നിലവിലെ പേരൂര്‍ റോഡ് വരെയും ചെറുവാണ്ടൂര്‍ ലൈബ്രറി ജംഗ്ഷന്‍ മുതല്‍ പാലാ റോഡില്‍ പാറകണ്ടം വരെയും പുതുതായി നിര്‍മ്മിച്ച റോഡിന്‍റെ ടാറിംഗ് ജോലികള്‍ അടുത്ത ഘട്ടത്തിലേ നടക്കു. ബൈപാസിന്‍റെ ഭാഗമായി പുതുതായി നിര്‍മ്മിച്ച ഈ റോഡുകളില്‍ മണ്ണ് നിറച്ച് മെറ്റല്‍ വിരിക്കുന്നതും സംരക്ഷണഭിത്തി കെട്ടുന്നതും അടക്കമുള്ള ജോലികള്‍ തീരാനുണ്ട്. അവ പൂര്‍ണ്ണമാകുന്ന മുറയ്ക്ക് ടാറിംഗ് ജോലികളും നടക്കും.  


മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ പട്ടിത്താനം വരെയുള്ള ബൈപാസിന്‍റെ പണികള്‍ രണ്ടു ഘട്ടങ്ങളായാണ് നടത്താനിരുന്നത്. പൂവത്തുമൂട് വരെയുള്ള ആദ്യ ഘട്ടം വര്‍ഷങ്ങള്‍ക്കു മുന്‍പേ തീര്‍ന്നിരുന്നു. സ്വകാര്യവ്യക്തികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുടങ്ങികിടന്ന രണ്ടാം ഘട്ടം പണികള്‍ അടുത്ത കാലത്ത് ആരംഭിച്ചെങ്കിലും പാലാ റോഡില്‍ പാറകണ്ടത്തില്‍ അവസാനിപ്പിക്കുവാനായിരുന്നു തീരുമാനം. 

റോഡിന്‍റെ അവസാനഘട്ട  സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് രണ്ട് സ്വകാര്യവ്യക്തികളുമായി നിലനിന്ന തര്‍ക്കം മൂലം ബൈപാസ് ഏറ്റുമാനൂര്‍‌ ടൗണില്‍ പാലാ റോഡില്‍ അവസാനിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കി  2016 ജനുവരിയില്‍ നടപ്പിലാക്കിയ പുതിയ ആക്ട് അനുസരിച്ച് സ്ഥലമേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണത്രേ ഒരു അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനും കേസ് നല്‍കിയിരുന്നത്. പുതിയ ആക്റ്റ് അനുസരിച്ച് സ്ഥലം ഏറ്റെടുക്കുമ്പോള്‍ പഴയതിലും കൂടുതല്‍ വില ഉടമസ്ഥര്‍ക്ക് കിട്ടും. ഇതനുസരിച്ച് തര്‍ക്കം നിലനിന്ന സ്ഥലം ഏറ്റെടുക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 

സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലുടന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും.  സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 10 കോടി രൂപ ബൈപാസിന്‍റെ അവസാന പണികള്‍ക്കായി വകയിരുത്തിയിരുന്നു. ഇനി മൂന്നാം ഘട്ടമായി 1.790 കിലോമീറ്റര്‍ ദൂരമാണ് നിര്‍മ്മാണം നടക്കേണ്ടത്. പാലാ റോഡില്‍ നിന്നും മാറാവേലി തോടിനരികിലൂടെ പട്ടിത്താനം റൗണ്ടാനയില്‍ അവസാനിക്കുന്ന രീതിയിലാണ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.7K