14 January, 2019 01:16:26 PM


കൺഫ്യൂഷൻ തീർന്നു; അതിരമ്പുഴയിലെ റോഡുകൾ പൊതുമരാമത്ത് വകുപ്പ് നന്നാക്കും




ഏറ്റുമാനൂര്‍ : അതിരമ്പുഴ തിരുനാളിന് മുന്നോടിയായി പൊട്ടിപൊളിഞ്ഞ റോഡുകള്‍ ആര് നന്നാക്കണം എന്നതിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ഗ്രാമപഞ്ചായത്തും തമ്മില്‍ നിലനിന്ന തര്‍ക്കത്തിന് വിരാമം. തങ്ങളുടേതല്ല റോഡ് എന്ന  നിലപാടില്‍ ഇരുകൂട്ടരും ഉറച്ചു നിന്നതോടെ അതിരമ്പുഴ മാര്‍ക്കറ്റ് - മുണ്ടുവേലിപ്പടി - വേദഗിരി റോഡിന്‍റെ അറ്റകുറ്റപണികളാണ് ചോദ്യചിഹ്നമായി മാറിയത്. തകർന്ന റോഡിന്‍റെ അറ്റകുറ്റപ്പണികൾക്കായി നിരന്തരം ആവശ്യമുയർന്നു വരികയായിരുന്നു.  

റോഡിന്‍റെ ചില ഭാഗങ്ങളില്‍ ആറ് മീറ്റര്‍ വീതിയില്ലാത്തതിനാല്‍ തങ്ങള്‍ക്ക് റോഡ് ഏറ്റെടുത്ത് പണികള്‍ നടത്താനാവില്ലെന്ന് തിരുനാളിന് മുന്നോടിയായി നടന്ന അവലോകനയോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റോഡ് ഇതിന് മുമ്പ് പൊതുമരാമത്ത് വകുപ്പാണ് നന്നാക്കിയിട്ടുള്ളതെന്ന വാദത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതരും ഉറച്ചു നിന്നു. തങ്ങള്‍ക്കിത് ബാധകമല്ലെന്ന നിലയില്‍ പൊതുമരാമത്ത് വകുപ്പ് അവസാനം കൈയൊഴിയുകയും ചെയ്തു. 

സുരേഷ്കുറുപ്പ്  എം.എല്‍.എ, ജോസ് കെ മാണി എം.പി., ജില്ലാ കളക്ടര്‍ എന്നിവരുള്‍പ്പെട്ട സദസിലാണ് പൊതുമരാമത്ത് വകുപ്പ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതിനു ശേഷം കഴിഞ്ഞ ദിവസം മോന്‍സ് ജോസഫ് എം.എല്‍.എ പ്രശ്നത്തില്‍ ഇടപെട്ടു. താന്‍ മന്ത്രി ആയിരുന്ന കാലത്ത് അതിരമ്പുഴ, കാണക്കാരി ഗ്രാമപഞ്ചായത്തുകളിലെ പന്ത്രണ്ട് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നുവെന്നും പാറോലിക്കൽ - മുട്ടപ്പള്ളി റോഡും, അതിരമ്പുഴ - മുണ്ടുവേലിപ്പടി - വേദഗിരി റോഡും ഇവയില്‍ ഉള്‍പ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്തുരുത്തി റോഡ്സ് സബ് സെക്ഷന്‍റെ കീഴിലുള്ള ഈ റോഡുകളെ സംബന്ധിച്ച് അറിവില്ലാത്തത് മൂലമാണ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് റോഡുകളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും തിരുനാളിനു മുമ്പായി റോഡുകളുടെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പ് തന്നെ തീര്‍ക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. തിരുനാൾ ദിനങ്ങളിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന റോഡുകളാണിവ. 24 ന് നഗരപ്രദക്ഷിണ സമയത്ത് ഗതാഗതക്രമീകരണം ഏർപ്പെടുത്തുന്നത് ഈ റോഡുക ളിലൂടെയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K