15 January, 2019 10:33:33 AM


വിവാദങ്ങള്‍ക്കിടെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നിര്‍വ്വഹിക്കും


തിരുവനന്തപുരം: നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ്സിന്‍റെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദർശൻ പദ്ധതിയുടേയും ഉദ്ഘാടനം നിർവ്വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിലും സംസാരിക്കും. ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്ഥലത്തെ ഇടത് എം എൽ എമാരെ ചടങ്ങിൽ നിന്നും ഒഴിവാക്കിയതും നേമം എം എൽ എ ഒ രാജഗോപാലിനെയും ബി ജെ പി എംപിമാരായ സുരേഷ് ഗോപിയെയും വി മുരളീധരനെയും ചടങ്ങിലേക്ക് ക്ഷണിച്ചതും വിവാദത്തിന് തിരികൊളുത്തി.


ബൈപ്പാസ് കടന്നുപോകുന്ന ഇരവിപുരത്ത എം എൽ എ എം നൗഷാദിനെയും ചവറയിലെ വിജയൻപിള്ളയെയും മേയറെയും ആദ്യം തഴയുകയും രാത്രിയോടെ വിജയൻപിള്ളയെ ചടങ്ങില്‍ ഉൾപ്പെടുത്തുകയും ചെയ്തു. സംസ്ഥാനം കൊടുത്ത പട്ടിക ദില്ലയിൽ നിന്നും വെട്ടിത്തിരുത്തിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയും മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മയും ജിസുധാകരനും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 


ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന്‍റെ തുടക്കമാക്കാനാണ് മോദിയുടെ സമ്മേളനം കൊണ്ട് ബിജെപി ലക്ഷ്യമിടുന്നത്. 4.30 ന്ബൈപാസ് ഉദ്ഘാടനത്തിന് ശേഷം 5.30ന് കൻറോൺമെന്റ് ഗ്രൗണ്ടിൽ ബിജെപി പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രണ്ട് പ്രസംഗങ്ങളിലും ശബരിമല അടക്കമുള്ള വിവാദ വിഷയങ്ങളിൽ മോദി എന്ത് പറയുമെന്നതിൽ ആകാംക്ഷയുണ്ട്. രാത്രി ഏഴിനാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K