15 January, 2019 11:09:40 AM


ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞ് വിദ്യാര്‍ത്ഥിനികള്‍



പാലാ: ജനാധിപത്യത്തിന്‍റെ നാലു തൂണുകളിലൊന്നായ ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞതിന്‍റെ ആവേശത്തിലാണ് പാലാ സെന്‍റ് മേരീസ് ഹയര്‍ സെക്കന സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസുകാര്‍. സിനിമകളില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ വാദങ്ങളുയര്‍ത്തുന്ന കോടതികള്‍ മനസിലേറ്റിയാണ് കോടതി നടപടികള്‍ വീക്ഷിക്കാന്‍ കുട്ടികള്‍ എത്തിയത്. 

സിനിമകളിലെ പോലെ ചൂടേറിയ വാഗ്വാദങ്ങളൊന്നും ഇല്ലെങ്കിലും ജുഡീഷ്യല്‍ നടപടികള്‍ നേരിട്ടു കാണാന്‍ സാധിച്ചതില്‍ ഏറെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥിനികള്‍.

രാവിലെ അധ്യാപകനായ എ.സി. ദേവസ്യാ, അധ്യാപിക ലിസി അഗസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥിനികള്‍ കോടതി നടപടികള്‍ വീക്ഷിക്കാന്‍ പാലാ ജുഡീഷ്യല്‍ കോംപ്ലെക്‌സില്‍ എത്തിയത്. കോടതിമുറി, ജഡ്ജിയുടെ ചേംബര്‍, പ്രതിക്കൂട്, സാക്ഷിക്കൂട് തുടങ്ങിയവയെല്ലാം വിദ്യാര്‍ത്ഥിനികള്‍ക്കു കാണിച്ചു കൊടുത്തു. എം എ സി ടി കോടതി, മജിസ്‌ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി, കുടുംബകോടതി എന്നിവിടങ്ങളിലെ നടപടിക്രമങ്ങള്‍ കുട്ടികള്‍ വീക്ഷിച്ചു. 

തുടര്‍ന്നു എം എ സി ടി ജഡ്ജി യുമായി അര മണിക്കൂറിലേറെ മുഖാമുഖം നടത്തി. കോടതിയും കേസും ആയി ബന്ധപ്പെട്ടു കുട്ടികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്കു ജഡ്ജി മറുപടി നല്‍കി. സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി തയ്യാറാക്കിയ നിയമപാഠപുസ്തകങ്ങളും നല്‍കിയാണ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ യാത്രയാക്കിയത്. നിയമ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായിയാണ് വിദ്യാര്‍ത്ഥിനികളുടെ കോടതി സന്ദര്‍ശനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K