24 January, 2019 05:48:58 PM


മത്സ്യത്തൊഴിലാളികള്‍ക്കായി ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണും നാവിക് ഉപകരണങ്ങളും സുരക്ഷാ സ്‌ക്വാഡും



കൊച്ചി: ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്നു. 36 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ ദൂരത്തില്‍ മത്സ്യബന്ധനത്തിനു പോകുന്ന തെരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. പരമ്പരാഗത മത്‌സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കും. ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും 36 നോട്ടിക്കല്‍ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്നതും കേരള സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നടത്തിയതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. (മെക്കനൈസ്ഡ് വിഭാഗത്തിന് മത്സ്യത്തൊഴിലാളി അംഗത്വം നിര്‍ബന്ധമല്ല). അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകള്‍, ഫിഷറീസ് സ്റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 8 വൈകുന്നേരം 5 മണി വരെ അതത് ഓഫീസുകളില്‍ സ്വീകരിക്കും. 


കൂടാതെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ഈ ഉപകരണത്തിന്‍റെ സഹായത്തോടെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് 1500 കി.മീ. പരിധിക്കുള്ളില്‍ വരെ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച സന്ദേശങ്ങള്‍ കൈമാറുന്നതിനും അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യലഭ്യത പ്രദേശം മുതലായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിയും. നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും 12 നോട്ടിക്കല്‍ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്നതും രജിസ്‌ട്രേഷനും ലൈസന്‍സും ഉള്ളതുമായ മത്സ്യബന്ധനയാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോറം എറണാകുളം ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസ്, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ചുവരെ അതത് ആഫീസുകളില്‍ സ്വീകരിക്കും.


ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനം നല്‍കും. ഓഖി/പ്രളയം പോലുളള ദുരന്തങ്ങളുണ്ടാകുമ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായാണ് കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്.  ഇങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തേണ്ടി വരുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രതിഫലം നല്‍കും.  സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിന് വേണ്ടി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉളള യാനങ്ങളുടെ   ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  പരമ്പരാഗത യാനങ്ങളില്‍ യാനമുടമയും 2 തൊഴിലാളികളുമടങ്ങുന്ന ഗ്രൂപ്പുകളായും മെക്കനൈസ്ഡ് വിഭാഗത്തില്‍ സ്രാങ്കും, ഡ്രൈവറും, യാനമുടമ/ പ്രതിനിധി ഉള്‍പ്പെടുന്ന ഗ്രൂപ്പുകളുമായാണ് അപേക്ഷിക്കേണ്ടത്.

യാനമുടമ മത്സ്യബന്ധനത്തിന് പോകാത്തയാളോ, കടല്‍ പരിചയമില്ലാത്തയാളോ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തായളോ ആണെങ്കില്‍ അവര്‍ക്ക് പകരം ഒരു പരിചയസമ്പന്നനായ മത്സ്യത്തൊഴിലാളിയെ ഉള്‍പ്പെടുത്താം. അത് അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷാ ഫോറം  എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസ്, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 8 വൈകുന്നേരം 5 മണി വരെ അതത് ആഫീസുകളില്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ 0484-2394476 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാണ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K