26 January, 2019 03:17:06 PM


പദ്മ പുരസ്‌കാരം നേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഇനി നര്‍ത്തകി നടരാജ്



ന്യൂഡല്‍ഹി: നര്‍ത്തകി നടരാജിന് പദ്മപുരസ്‌കാരം സമ്മാനിക്കുമ്പോള്‍ പിറക്കുന്നത് ഒരു ചരിത്രമാണ്. കാരണം പദ്മ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് നര്‍ത്തകി. തമിഴ്‌നാട്ടിലെ മധുരയിലാണ് ട്രാന്‍സ്‌വുമണായ നര്‍ത്തകിയുടെ ജനനം. വളരെ ചെറുപ്പത്തില്‍തന്നെ വീടുവിട്ടിറങ്ങേണ്ടി വന്ന നര്‍ത്തകി, ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ശാക്തീകരണത്തിന്‍റെ മാതൃകകളിലൊന്നാണ്.

ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്‍റെ അവഗണനയെ ചെറുത്തുതോല്‍പിച്ചാണ് നൃത്തരംഗത്ത് ഇവര്‍ മുന്‍നിരയിലെത്തിയത്. പ്രശസ്ത നര്‍ത്തകന്‍ കെ പി കിട്ടപ്പ പിള്ളയായിരുന്നു നര്‍ത്തകിയുടെ ഗുരു. 14 വര്‍ഷം അദ്ദേഹത്തിന്‍റെ കീഴില്‍ നര്‍ത്തകി നൃത്തം അഭ്യസിച്ചു. നായകി ഭാവ പാരമ്പര്യമാണ് ഇവര്‍ നൃത്തത്തില്‍ പിന്തുടരുന്നത്. 

അമ്പത്തിനാലു വയസ്സുള്ള നര്‍ത്തകി, വെള്ളിയമ്പലം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ നൃത്തവിദ്യാലയവും ആരംഭിച്ചിട്ടുണ്ട്. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായെത്തുന്നു. ഇന്ത്യ, അമേരിക്ക, യു കെ, യൂറോപ്പ് തുടങ്ങിയിടത്തെ വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള നര്‍ത്തകി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K