02 February, 2019 09:22:53 AM


പൊലീസില്‍ വന്‍ അഴിച്ചുപണി: കൂട്ട സ്ഥലംമാറ്റം; 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി



തിരുവനന്തപുരം:  കേരളാ പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തികൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങി. താത്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണ് നടപടി നേരിട്ടത്.  53 ഡിവൈ എസ് പിമാര്‍ക്കും 11 എ എസ്പിമാര്‍ക്കും സ്ഥലംമാറ്റം. 26 സിഐമാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകി.  

12 പേരെ തരം താഴ്ത്താനായിരുന്നു ശുപാർശ. പട്ടികയിൽപ്പെട്ട എം ആർ  മധു ബാബു ഇന്നലെ ട്രിബ്യൂണലിൽ പോയി സ്റ്റേ വാങ്ങിയതിൽ തരംതാഴ്ത്തൽ പട്ടിയിൽ ഉൾപ്പെട്ടില്ല .  ഒഴിവുണ്ടായ 11 ഡി വൈ എസ് പി തസ്തികയിലേക്കാണ് സിഐമാർക്ക് സ്ഥാന കയറ്റം നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥ‍‍രെ തരംതാഴ്ത്താൻ ശുപാർശ ലഭിക്കുന്നത്. 

വകുപ്പ് തല നടപടി നേരിട്ടവർക്കും നിരവധി ആരോപണ വിധേയർക്കും ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു.  അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വകുപ്പ് സർക്കാർ രണ്ടാഴ്ചയ്ക്ക് മുൻപ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. 2014 മുതൽ സീനിയോറിട്ടി തർക്കം മൂലം താൽക്കാലിക പ്രമോഷൻ മാത്രം നൽകിയിരുന്നതുകൊണ്ട് ഇതിന് നിയമതടസ്സവുമില്ല. 

ആഭ്യന്തര സെക്രട്ടറി നേതൃത്വത്തിലുള്ള സ്ഥാനകയറ്റ നിർ‍ണ സമിതിയാണ് താൽക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡിവൈഎസ്പിമാ‍രുടെ വിവരങ്ങള്‍ പരിശോധിച്ച് 12 പേരെ ഒഴിവാക്കാൻ നിർദ്ദേശിച്ചത്. ബാക്കിയുള്ള 139 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാർശ. ഒഴിവാക്കിയവർക്ക് എതിരെ തരംതഴ്ത്തൽ ഉള്‍പ്പെടെയുള്ള ഉചിതമായ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K