08 February, 2019 08:46:37 AM


ദേവസ്വം ബോര്‍ഡില്‍ യുദ്ധകാഹളം; പ്രസിഡന്‍റിനെ ഒറ്റപ്പെടുത്തി മൂവര്‍സംഘം



തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനപ്രകാരമല്ലാതെ ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് പ്രസിഡന്‍റ് എ.പത്മകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയോടും പരാതിപ്പെട്ടതായി സൂചന. ഇതാണ് സ്ഥിതിയെങ്കിൽ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് പത്മകുമാർ വ്യക്തമാക്കിയതായാണ് വിവരം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം പ്രസിഡന്‍റ് വിളിച്ചു ചേര്‍ത്തേക്കുമെന്നും അറിയുന്നു. 


ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാൻ രാജഗോപാലൻ നായരുടെ നേതൃത്വത്തിൽ ദേവസ്വം കമ്മീഷണര്‍ എൻ വാസുവും അംഗങ്ങളായ ശങ്കർദാസും വിജയകുമാറും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് പത്മകുമാറിന്‍റെ പരാതി. സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജികളെ എതിർക്കാൻ ബോർഡ് തീരുമാനിച്ചിരുന്നില്ല. എന്നിട്ടും കോടതിയിൽ എതിർത്തു. 


രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷണര്‍ തന്നോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നും പത്മകുമാർ കോടിയേരിയോട് പരാതിപ്പെട്ടു. രാജിയേക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് പത്മകുമാർ അടുത്ത വൃത്തങ്ങളോടും സൂചിപ്പിക്കുന്നു. എന്നാൽ രാജി ഉടൻ ഉണ്ടായേക്കില്ല. പകരം അടിയന്തരമായി ദേവസ്വം ബോർഡ് യോഗം വിളിച്ച് മറുപക്ഷത്തിന് എതിരെ നീങ്ങാനാണ് നീക്കം. കോടതിയിലെ നിലപാട് ആരുടെ അനുമതിയോടെ എന്നതിന് കമ്മീഷണറോട് വിശദീകരണം ചോദിക്കും.  


അതേസമയം സുപ്രീം കോടതിയിൽ യുവതീപ്രവേശം അനുവദിച്ച വിധിന്യായത്തെ എതിർക്കുന്നോ എന്ന ന്യായാധിപന്‍റെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി പറഞ്ഞ് നിലപാട് വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് മറുപക്ഷത്തിന്‍റെ വാദം. ഈ നിലപാട് ഇന്നലെ എകെജി സെന്‍ററിലെത്തി രാജഗോപാലൻനായരും കമ്മീഷണർ വാസുവും കോടിയേരി ബാലകൃഷ്ണനോട് വിശദകീരിച്ചിരുന്നു. ചുരുക്കത്തിൽ ബോർഡ് തീരുമാനമില്ലാതെ കോടതിയിൽ പുനപരിശോധനാ ഹർജികളെ എതിർത്തതിനെ ചൊല്ലിയാവും ഇനി യുദ്ധം. പാർട്ടി പരിപാടികളിൽ സജീവമല്ലാതിരുന്ന എ പത്മകുമാർ ഇന്നലെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി  യോഗത്തിൽ മുഴുവൻ സമയവും പങ്കെടുക്കാനെത്തിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K