13 February, 2019 06:37:54 PM


ഏറ്റുമാനൂര്‍ ഷട്ടര്‍കവല - അരുവാകുറിഞ്ഞി, മുണ്ടക്കയം ബൈപാസ് റോഡുകള്‍ വ്യാഴാഴ്ച നാടിന് സമര്‍പ്പിക്കും




കോട്ടയം: ആധുനികരീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ  ഏറ്റുമാനൂര്‍ ഷട്ടര്‍കവല - തെള്ളകം അരുവാക്കുറിഞ്ഞി റോഡും മുണ്ടക്കയം ബൈപാസ് റോഡും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാളെ നാടിന് സമര്‍പ്പിക്കും. കൂട്ടിക്കല്‍, ഇളംകാട്, വല്ല്യന്ത, കോലാഹലമേട് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള മുണ്ടക്കയം - വാഗമണ്‍ റോഡിന്‍റെ നിര്‍മ്മാണോദ്ഘാടനവും നാളെ ഏന്തയാറില്‍ നടക്കും. 

രാവിലെ പത്ത് മണിക്ക് അഡ്വ.കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ പേരൂര്‍ കണ്ടംചിറ കവലയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഷട്ടര്‍കവല - അരുവാക്കുറിഞ്ഞി റോഡിന്‍റെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ മുഖ്യപ്രഭാഷണം നടത്തും. ഏന്തയാറില്‍ വൈകിട്ട് നാലിന് യോഗത്തില്‍ മുണ്ടക്കയം -വാഗമണ്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും വൈകിട്ട് 5.30ന് മുണ്ടക്കയം കോസ് വേയ്ക്ക് സമീപം നടക്കുന്ന സമ്മേളനത്തില്‍ മുണ്ടക്കയം ബൈപാസിന്റെ ഉദ്ഘാടനവും മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. പി.സി.ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന രണ്ട് യോഗങ്ങളിലും ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.

പാലാ റോഡില്‍ വെട്ടിമുകള്‍ ഷട്ടര്‍കവലയില്‍ നിന്നും ആരംഭിച്ച് തെള്ളകം അരുവാക്കുറിഞ്ഞി വളവിന് സമീപം എം.സി.റോഡില്‍ സംഗമിക്കുന്ന റോഡ് പൂര്‍ത്തീകരിച്ചത് കണ്ണംപുര, പള്ളികുന്ന്, പേരൂര്‍, തെള്ളകം ഭാഗത്തുകൂടിയുള്ള വിവിധ റോഡുകളെ സംഗമിപ്പിച്ചുകൊണ്ടാണ്.7,78,30,000 രൂപയ്ക്ക് ഭരണാനുമതി ലഭിച്ച റോഡിന് കരാര്‍ നല്‍കിയത് 6,19,00,000 രൂപയ്ക്കായിരുന്നു. നിലവില്‍ 3.8 മീറ്റര്‍ വീതിയിലുള്ള റോഡ് 5.5 മീറ്ററായി വീതി കൂട്ടി 7.7 കിലോമീറ്റര്‍ നീളത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനിടെ പള്ളിക്കുന്നിലുള്ള കലുങ്ക് പൊളിച്ചുപണിതു. 

ദേശീയപാത 183ല്‍ പൈങ്ങണ ജംഗ്ഷനില്‍നിന്നും മുണ്ടക്കയം കോസ് വേ ജംഗ്ഷനില്‍ അവസാനിക്കുന്ന ബൈപാസ് ഹൈറേഞ്ചിന്‍റെ പ്രവേശന കവാടമായ മുണ്ടക്കയം ടൗണിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകും. മമിമലയാറിന് തീരത്ത് കൂടി സംരക്ഷണഭിത്തി കെട്ടി പണി പൂര്‍ത്തിയാക്കിയ റോഡിന്റെ നീളം 1865 മീറ്ററാണ്. 10 മീറ്ററാണ് വീതി.18.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച റോഡ് 14.20 കോടി രൂപയ്ക്ക് സാങ്കേതികാനുമതി നല്‍കിയാണ് കരാര്‍ ചെയ്തത്.

കോട്ടയം, ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുണ്ടക്കയം - വാഗമണ്‍ റോഡിന്‍റെ ആകെ നീളം 23.850 കിലോമീറ്ററാണ്. 34.73 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച ഈ റോഡിന്‍റെ മണ്‍പാതയുള്ള ഭാഗം കഴിഞ്ഞ പ്രളയത്തില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നുപോയിരുന്നു. ഇത് പുനര്‍നിര്‍മ്മിക്കുന്നതോടൊപ്പം കലുങ്കുകളും പാലങ്ങളും പുതുക്കിപണിയേണ്ടിയും വരും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K