15 February, 2019 08:31:27 PM


മണര്‍കാട് ബൈപാസ് തുറന്നു; എം.സി.റോഡില്‍നിന്ന് ഏറ്റുമാനൂര്‍ ടൌണില്‍ കയറാതെ കെ.കെ.റോഡിലെത്താം



ഏറ്റുമാനൂര്‍ : രണ്ടാം ഘട്ടം നിര്‍മ്മാണജോലികള്‍ പാതി പൂര്‍ത്തിയായതോടെ മണര്‍കാട്  - പട്ടിത്താനം ബൈപാസ് റോഡിന്‍റെ ഏറ്റുമാനൂര്‍ പാറകണ്ടം മുതലുള്ള ഭാഗം വാഹനഗതാഗതത്തിന് തുറന്നുകൊടുത്തു. ടാറിംഗിന്‍റെ ഭാഗമായി ബിറ്റുമിനസ് മക്കാദം (ബിഎം) നിരത്തുന്ന ജോലികള്‍ പൂര്‍ത്തിയായതോടെയാണ് റോഡിലൂടെ വാഹനഗതാഗതം അനുവദിച്ചത്. എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നും എം.സി.റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്നും പൂര്‍ണ്ണമായി മോചിതരായി യാത്ര ചെയ്യാനുള്ള അവസരമാണ് ഇതോടെ കൈവന്നത്.


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനാല്‍ ടൌണില്‍ വന്‍ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടു വരുന്നത്. ആറാട്ടിനുമുമ്പ് ബൈപാസ് റോഡിലൂടെ യാത്ര സാദ്ധ്യമാക്കണം എന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സ്വപ്നമാണ് ഇന്നലെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്. എം.സി.റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് തവളക്കുഴി ജംഗ്ഷനില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലാ റോഡില്‍ മംഗലം കലുങ്കിലെത്താം. അവിടെനിന്നും വലതുതിരിഞ്ഞ് മുന്നോട്ട് പോയാല്‍ ബൈപാസില്‍ പ്രവേശിച്ച് പേരൂര്‍, തിരുവഞ്ചൂര്‍ എന്നിവിടങ്ങളിലൂടെ മണര്‍കാട് കെ.കെ.റോഡിലെത്തി യാത്ര തുടരാം.


ചങ്ങനാശേരിക്കുള്ള വാഹനങ്ങള്‍ക്ക് കോട്ടയം നഗരത്തില്‍ പ്രവേശിക്കാതെ മണര്‍കാട്, പുതുപ്പള്ളി, വാകത്താനം വഴി യാത്ര തുടരാനും സാധിക്കും. മെഡിക്കല്‍ കോളേജ്, കാരിത്താസ്, കുമരകം എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്ക് ബൈപാസിലൂടെ പേരൂര്‍ കണ്ടംചിറ കവലയിലെത്തി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത അരുവാക്കുറിഞ്ഞി റോഡിലൂടെ വലത്തോട്ട് തിരിഞ്ഞാല്‍ കുരുക്കുകള്‍ ഒഴിവാക്കി യാത്ര സുഗമമാക്കാനാവും.



പൂവത്തുംമൂട് മുതല്‍ ചെറുവാണ്ടൂര്‍ വായനശാല ജംഗ്ഷന്‍ വരെയുള്ള രണ്ടര കിലോമീറ്ററോളം വരുന്ന ഭാഗത്ത് ഒരു മാസം മുമ്പ് ടാറിംഗ് പൂര്‍ത്തിയായിരുന്നു. ബിഎം ബിസി നിലവാരത്തിലാണ് ടാറിംഗ്. ‍പതിനഞ്ച് മീറ്റര്‍ വീതിയിലുള്ള റോഡില്‍ ടാറിംഗ് നടക്കുന്നത് പത്ത് മീറ്റര്‍ വീതിയിലാണ്. ചെറുവാണ്ടൂര്‍ ലൈബ്രറി ജംഗ്ഷന്‍ മുതല്‍ പാലാ റോഡില്‍ പാറകണ്ടം വരെയുള്ള  ടാറിംഗ് ജോലികളാണ് ഇന്ന് പൂര്‍ത്തിയായത്. 


മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ പട്ടിത്താനം വരെയുള്ള ബൈപാസിന്‍റെ പണികള്‍ രണ്ടു ഘട്ടങ്ങളായാണ് നടത്താനിരുന്നത്. പൂവത്തുമൂട് വരെയുള്ള ആദ്യ ഘട്ടം വര്‍ഷങ്ങള്‍ക്കു മുന്‍പേ തീര്‍ന്നിരുന്നു. സ്വകാര്യവ്യക്തികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുടങ്ങികിടന്ന രണ്ടാം ഘട്ടം പണികള്‍ അടുത്ത കാലത്ത് ആരംഭിച്ചെങ്കിലും പാലാ റോഡില്‍ പാറകണ്ടത്തില്‍ അവസാനിപ്പിക്കുവാനായിരുന്നു തീരുമാനം. 


റോഡിന്‍റെ അവസാനഘട്ട  സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് രണ്ട് സ്വകാര്യവ്യക്തികളുമായി നിലനിന്ന തര്‍ക്കം മൂലം ബൈപാസ് ഏറ്റുമാനൂര്‍‌ ടൗണില്‍ പാലാ റോഡില്‍ അവസാനിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കി  2016 ജനുവരിയില്‍ നടപ്പിലാക്കിയ പുതിയ ആക്ട് അനുസരിച്ച് സ്ഥലമേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണത്രേ ഒരു അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനും കേസ് നല്‍കിയിരുന്നത്. പുതിയ ആക്റ്റ് അനുസരിച്ച് സ്ഥലം ഏറ്റെടുക്കുമ്പോള്‍ പഴയതിലും കൂടുതല്‍ വില ഉടമസ്ഥര്‍ക്ക് കിട്ടും. ഇതനുസരിച്ച് തര്‍ക്കം നിലനിന്ന സ്ഥലം ഏറ്റെടുക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 


സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലുടന്‍ മൂന്നാം റീച്ചിന്‍റെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും.  സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 10 കോടി രൂപ ബൈപാസിന്‍റെ അവസാന പണികള്‍ക്കായി വകയിരുത്തിയിരുന്നു. ഇനി മൂന്നാം ഘട്ടമായി 1.790 കിലോമീറ്റര്‍ ദൂരമാണ് നിര്‍മ്മാണം നടക്കേണ്ടത്. പാലാ റോഡില്‍ നിന്നും മാറാവേലി തോടിനരികിലൂടെ പട്ടിത്താനം റൗണ്ടാനയില്‍ അവസാനിക്കുന്ന രീതിയിലാണ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 13.5K