16 February, 2019 05:31:47 PM


വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ ഭൗതികശരീരം ജന്മനാട്ടില്‍: യാത്രമൊഴി നേര്‍ന്ന് ആയിരങ്ങള്‍

കല്‍പ്പറ്റ: പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്‍റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. വീട്ടിലും സ്കൂളിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ലക്കിടിയിലെ വീട്ടില്‍ എത്തിയത്. എന്നാല്‍ സംസ്കാരം അനന്തമായി വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികനേരം പൊതുദര്‍ശനം നീട്ടിയില്ല.

വീട്ടിനുള്ളിലേക്ക് കൊണ്ടു പോയ മൃതദേഹം വസന്തകുമാറിന്‍റെ ബന്ധുക്കളേയും കുടുംബസുഹൃത്തുകള്‍ക്കും മാത്രമാണ് കാണാന്‍ അവസരം നല്‍കിയത്. തുടര്‍ന്ന് മുറ്റത്തേക്ക്  കൊണ്ടു വന്ന മൃതദേഹത്തില്‍ നാട്ടുകാര്‍ ആദരാജ്ഞലി  അര്‍പ്പിച്ചു. ശേഷം പത്മകുമാര്‍ പഠിച്ച സ്കൂളിലേക്ക് കൊണ്ടുപോയി. 

ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്‍റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്.  ഇവിടെ വച്ച് കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ആദരാഞ്ജലി അർപ്പിച്ചു. യാത്രാമധ്യേ തൊണ്ടയാട് വച്ചും രാമനാട്ടുകാര വച്ചും ജനങ്ങൾ ആദരാഞ്ജലി അർപ്പിച്ചു.തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബശ്മശാനത്തിലായിരിക്കും സംസ്കാരം. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമാകും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. 

ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയതെന്നും വസന്തകുമാറിന്‍റെ സഹോദരന്‍ സജീവന്‍ പറഞ്ഞു. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്. ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി  ആക്രമണത്തിൽ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K