18 February, 2019 06:18:00 AM


സംസ്ഥാനത്ത് അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്; വിവരം അറിയാതെ പ്രാദേശിക നേതാക്കൾ

കോട്ടയത്ത് പ്രതിഷേധസമരമായിരിക്കുമെന്നും വിദ്യാലയങ്ങളെ ബാധിക്കില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ




കോട്ടയം: രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് കാസർഗോഡ് ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചത് അറിയാതെ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ. ഹർത്താൽ വിജയിപ്പിക്കേണ്ടവർക്ക് പോലും ഇതേ കുറിച്ച് അറിയാനാവാതെ വന്നത് ഏറെ ആശങ്ക പരത്തി. ഇന്ന് പല പത്രങ്ങളിലും ഹർത്താൽ കാസർഗോഡ് മാത്രമെന്ന വാർത്തയാണുള്ളത്.


എന്നാൽ റേഡിയോയിലും ഓൺലൈൻ മാധ്യമങ്ങളിലും സംസ്ഥാനത്ത് ഹർത്താൽ എന്ന് വാർത്ത വന്നതോടെ ജനങ്ങൾ ആശങ്കാകുലരായി. പ്രത്യേകിച്ച് രാവിലെ കുട്ടികളെ സ്കൂളിൽ വിടേണ്ടവർ. കൃത്യവിവരമറിയാനാണ് സ്ഥലത്തെ കോൺഗ്രസ് നേതാക്കളെ വിളിച്ചത്. എന്നാൽ ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. 'നിങ്ങൾ കേട്ടപോലെ ഞങ്ങളും കേട്ടു, പക്ഷെ ഉറപ്പ് പറയാനാകുന്നില്ല...' ചില നേതാക്കളുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.


ഇതിനിടെ ഹർത്താൽ വിവരം അറിയാതെ സ്കൂൾ അധികൃതരും കുഴങ്ങി. അതിരാവിലെ രക്ഷകർത്താക്കൾ വിളിച്ചപ്പോഴാണ് ഹർത്താൽ വിവരം പല സ്കൂൾ അധികൃതരും അറിയുന്നത് തന്നെ. അവസാനം പത്രം ഓഫീസുകളിൽ നേരിട്ട് വിളിച്ചപ്പോഴാണ് ഹർത്താൽ സംസ്ഥാനമൊട്ടാകെയുണ്ടെന്നുള്ള വിവരം അറിയുന്നത്. പ്രഖ്യാപനം വളരെ താമസിച്ചായിരുന്നതിനാൽ ആദ്യ എഡിഷനുകളിൽ വാർത്ത ചേർക്കാനായില്ലെന്നും അവർ വിശദീകരിച്ചു.


അതേസമയം ഹർത്താൽ പലയിടത്തും ഭാഗികമായിരിക്കും. കടകൾ അടപ്പിക്കുന്നതിലൊതുക്കാനും നേതാക്കൾ ആലോചിക്കുന്നുണ്ട്. എന്നാൽ വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ഹർത്താൽ ബാധിക്കില്ലെന്നും കോട്ടയം ജില്ലയിൽ പ്രതിഷേധ സമരം മാത്രമേ ഉണ്ടാകൂ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K