18 February, 2019 05:13:49 PM


സോളാർ: 1.05 കോടി തട്ടിച്ചെന്ന കേസില്‍ സരിതയെയും ബിജുവിനെയും വെറുതെ വിട്ടു




തിരുവനന്തപുരം: സോളാർ ഇടപാടുമായി ബന്ധപ്പെട്ടുള്ള പണത്തട്ടിപ്പ് കേസിൽ സരിത എസ്.നായരെയും ബിജു രാധാകൃഷ്ണനെയും തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. വ്യവസായി ടി.സി.മാത്യുവിനെ കബളിപ്പിച്ച് 1.05 കോടി തട്ടിച്ചെന്ന കേസിലാണ് ഉത്തരവ്. സിവിൽ കേസാണെന്നും കരാർ ലംഘനം ക്രിമിനൽ കോടതിയുടെ പരിഗണയിൽ വരില്ലെന്നും വിലയിരുത്തിയാണ് നടപടി. 

സോളാർ പാനൽ വിതരണാവകാശം നൽകാമെന്ന് കള്ളപ്പേരിൽ ബിജുവും സരിതയും തന്നെ സമീപിച്ച് 1.05 കോടി രൂപ തട്ടിയെടുത്തുവെന്ന് കാട്ടി മാത്യു തന്നെയാണ് പരാതി നൽകിയത്. 2013 ലാണ് പരാതിക്കടിസ്ഥാനമായ സംഭവം. ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്‍റെ പേരിലായിരുന്നു തട്ടിപ്പ്. ലക്ഷ്മി നായരെന്ന് പരിചയപ്പെടുത്തിയ സരിതയും സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആര്‍.ബി.നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനുമാണ് കരാറിൽ ഒപ്പു വച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഉമ്മൻ ചാണ്ടിയുടെ വ്യാജ ലെറ്റർപാഡുണ്ടാക്കി തട്ടിപ്പു നടത്തിയ കേസിൽ നാളെ കോടതിവിധി പറയും. ബിജു രാധാകൃഷ്ണനാണ് ഈ കേസിൽ പ്രതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K