18 February, 2019 06:55:00 PM


കോട്ടയം നഗരത്തില്‍ വന്‍ അഗ്നിബാധ; ഗൃഹോപകരണ വ്യാപാരസ്ഥാപനം കത്തി നശിച്ചു (VIDEO)



കോട്ടയം: നഗരത്തില്‍ വന്‍ അഗ്നിബാധ. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഉണ്ടായ അഗ്നിബാധയില്‍ തിരുനക്കരയില്‍ പ്രവര്‍ത്തിക്കുന്ന ക്വയിലോൺ റേഡിയോ സർവീസ് (ക്യുആര്‍എസ്) എന്ന ഗൃഹോപകരണ വ്യാപാരസ്ഥാപനം പൂർണ്ണമായി കത്തി നശിച്ചു. തൊട്ടു ചേർന്നുള്ള റോയൽ ഫുട് വെയേഴ്സ് എന്ന സ്ഥാപനത്തിലേക്കും  ഒരു മുറുക്കാൻ കടയിലേക്കും തീ പടർന്നു പിടിച്ചു. കോട്ടയം, പാമ്പാടി. ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും എത്തിയ അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകള്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്.


പുളിമൂട് ജംഗ്ഷന് സമീപത്ത് രണ്ട് നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന ഷോ റൂം പൂര്‍ണമായി കത്തി നശിച്ചു. രണ്ടാം നിലയുടെ മേൽക്കൂര സഹിതം അഗ്നിക്കിരയായി. ഹര്‍ത്താലായിരുന്നതിനാല്‍ കട തുറന്നിരുന്നില്ല. അതുകൊണ്ടുതന്നെ ആളപായമുണ്ടായില്ല. അടുത്തുള്ള കടകളിലേക്കും പഴയ പ്രസ് ക്ലബ് മന്ദിരത്തിലേക്കും തീ പടർന്നു പിടിച്ചെങ്കിലും സമയോചിതമായ ഇടപെടൽ ഉണ്ടായതിനാൽ ദുരന്തം ഒഴിവായി. കടയിലെ ഗൃഹോപകരണങ്ങള്‍ പൂര്‍ണമായും അഗ്നിക്കിരയായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അഗ്നിബാധയ്ക്ക് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേനാവിഭാഗം കൈരളി ന്യൂസിനോട് പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.2K