19 February, 2019 09:53:53 PM


കിസാൻ സമ്മാൻ നിധി: ക‌ർഷകരുടെ ആനുകൂല്യം മുടങ്ങില്ലെന്ന് കൃഷിമന്ത്രി



തിരുവനന്തപുരം: കേന്ദ്രസർക്കാരിന്‍റെ ജനപ്രിയ പ്രഖ്യാപനമായിരുന്ന കിസാൻ സമ്മാൻ നിധി സംസ്ഥാന സർക്കാർ പാഴാക്കിയെന്ന പ്രചാരണത്തിനെതിരെ കൃഷിമന്ത്രി വി എസ് സുനിൽകുമാർ. കഴിഞ്ഞ ബജറ്റില്‍ കർഷകർക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 6000 രൂപയുടെ വാർഷിക ധനസഹായ പദ്ധതി സംസ്ഥാന സർക്കാർ പാഴാക്കിയെന്ന് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെയുള്ള പ്രചാരണമുണ്ടായിരുന്നു. 

കിസാൻ സമ്മാൻ നിധിയിലേക്ക് അർഹരായ കർഷകർക്ക് എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാമെന്നും അപേക്ഷിക്കേണ്ട അവസാന തിയതി നാളെ അവസാനിക്കുമെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയിൽ ഇതുവരെ ഒരു ലക്ഷത്തോളം പേർ അപേക്ഷിച്ചിട്ടുണ്ട്. ഇവർക്കെല്ലാം ഫെബ്രുവരി 24 മുതൽ പദ്ധതിയുടെ ആദ്യഗഡു നൽകിത്തുടങ്ങുമെന്നും കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

പദ്ധതിക്ക് അർഹരായ കർഷകരുടെ പട്ടിക തയ്യാറാക്കി കൃത്യസമയത്ത് തന്നെ കേന്ദ്രസർക്കാരിന്  സമർപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്നും ഇതുമൂലം പദ്ധതിയുടെ ഗുണം കേരളത്തിലെ കർഷകർക്ക് ലഭിക്കില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. എന്നാൽ ഇത്തരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങളും വ്യാജ വാർത്തകളും ജനം വിശ്വസിക്കരുതെന്നും അർഹരായ ഒരു കർഷകന് പോലും ആനുകൂല്യം ലഭിക്കാതിരിക്കില്ലെന്നും കൃഷിമന്ത്രി വ്യക്തമാക്കി.    



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K