20 February, 2019 01:42:42 PM


എറണാകുളം നഗരത്തില്‍ വന്‍തീപിടുത്തം: ആളുകളെ ഒഴിപ്പിച്ചു; നാവികസേന രംഗത്ത്

തീ അണയ്ക്കുന്നതിന് വെല്ലുവിളിയായി കെട്ടിടത്തിന്‍റെ നിര്‍മാണ രീതി



കൊച്ചി: എറണാകുളം നഗരത്തില്‍  വന്‍ അഗ്നിബാധ. എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനു സമീപം പാരഗണ്‍ ചെരുപ്പ്  കമ്പനിയുടെ ആറ് നിലകളിലുള്ള ഷോറൂമും ഗോഡൗണും കത്തി നശിച്ചു. 18 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീയണയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാവികസേനയുടെ സഹായവും തേടി. തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. സമീപ സ്ഥലങ്ങളിലേക്കു പടരുന്നതു തടയാൻ മാത്രമേ കഴിയൂ എന്നാണ് അഗ്നിരക്ഷാസേന പറയുന്നത്. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.


രാവിലെ പതിനൊന്ന് മണിയോടെയാണ് ആറുനില കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നത്. കെട്ടിടത്തിൽ  ഉണ്ടായിരുന്നത് ആകെ 28 പേരാണെന്നും. ഇവരില്‍ ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും കമ്പനി ജീവനക്കാർ പറഞ്ഞു.  പുക ശ്വസിക്കുന്നത് അപകടകരമാണെന്നും സമീപവാസികളും മാധ്യമ പ്രവർത്തകരും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കെട്ടിടത്തില്‍ നിന്ന് പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെട്ടിടത്തിനുള്ളിൽ ചെറുസ്ഫോടനങ്ങളും ഉണ്ടായി.


തീപിടുത്തം തടയുന്നതില്‍ കെട്ടിടത്തിന്‍റെ നിര്‍മാണ രീതി വെല്ലുവിളിയായിരിക്കുകയാണ്. ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് ചുറ്റും സഞ്ചരിക്കാന്‍ പറ്റാത്ത രീതിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പെര്‍മിറ്റില്‍ വ്യത്യാസം വരുത്തിയാണോ കെട്ടിടം നിര്‍മിച്ചതെന്ന് പരിശോധിക്കുമെന്ന് കൊച്ചി മേയര്‍ വിശദമാക്കി. നേവി, ഭാരത് പെട്രോളിയം എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വൈദ്യുതി ഷോർട് സർക്യൂട്ടാണു തീപിടത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 


കെട്ടിടത്തില്‍നിന്നു തീവ്രഗന്ധമാണുയരുന്നത്. ആദ്യം നാല് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നു കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാൻ ശ്രമം തുടരുകയാണ്. പാരഗണിന്‍റെ ഷോറൂമും ഗോഡൗണുമുള്ള കെട്ടിടത്തിന്‍റെ നാലാം നിലയിലാണു തീപിടിച്ചത്. കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്നു നിഗമനം. തൊട്ടടുത്തു തന്നെ അപാർട്മെന്റുകളും ഓഫിസ് കെട്ടിടങ്ങളുമുണ്ട്. മൂന്ന് മണിക്കൂര്‍ നീണ്ട പ്രയത്നത്തിന് ശേഷമാണ് തീ കുറച്ചെങ്കിലും നിയന്ത്രണവിധേയമാക്കാനായത്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K