20 February, 2019 09:14:07 PM


സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും വീട് നൽകും: മന്ത്രി എ.സി. മൊയ്തീൻ




മൂവാറ്റുപുഴ:  സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും ഭവനമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അഭിപ്രായപ്പെട്ടു. മൂവാറ്റുപുഴ നഗരസഭയിൽ പണി പൂർത്തിയാക്കിയ ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്തവർക്ക് വീടൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലൈഫ് പദ്ധതി ആരംഭിച്ചത്. ഭവന രഹിതരെന്ന് കണ്ടെത്തിയ അഞ്ച് ലക്ഷം പേർക്കും ഭവനമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മൂന്ന് ഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി വിവിധ കാരണങ്ങളാൽ ഭവന നിർമ്മാണം ആരംഭിച്ച ശേഷം മുടങ്ങിക്കിടന്നിരുന്ന 54000 ത്തോളം വീടുകളുടെ പുനർനിർമ്മാണം സർക്കാർ സഹായത്തോടെ പൂർത്തീകരിച്ചു. രണ്ടാം ഘട്ടമായാണ് സ്വന്തമായി ഭൂമിയുള്ളതും എന്നാൽ വീടില്ലാത്തവരുമായ വരുടെ വീട് നിർമ്മാണം നടപ്പാക്കിയത്. സംസ്ഥാനത്ത് ഇതിനോടകം തന്നെ 15000 വീടുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഇതിൽ 1000 എണ്ണം എറണാകുളം ജില്ലയിലാണ്. 73000 ത്തോളം വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. പദ്ധതിയുടെ മൂന്നാം ഘട്ടമെന്ന നിലയിൽ സ്വന്തമായി സ്ഥലവും വീടുമില്ലാത്തവർക്കായുള്ള  ഭവന സമുച്ചയം  ഏപ്രിലിൽ നിർമ്മാണം ആരംഭിക്കും. 

കഴിഞ്ഞ ആയിരം ദിവസത്തിനിടയിൽ ജനക്ഷേമകരവും വികസനത്തിനു തകുന്നതുമായ നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി . ആരോഗ്യ മേഖലയിൽ പുതുതായി 4650 തസ്തികകൾ സൃഷ്ടിച്ചു. പൊതു വിദ്യാദ്യാസ രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് സംസ്ഥാനം നടത്തുന്നത്. കൂടാതെ ഈ മേഖലയിൽ 3650 തസ്തികകളും പുതുതായി സൃഷ്ടിച്ചു. ആയിരം ദിവസം കൊണ്ട് 21000 തസ്തികകൾ പുതുതായി സൃഷ്ടിക്കാനും 124000 നിയമനങ്ങൾ നടത്താനും സർക്കാരിന് കഴിഞ്ഞു. നടപ്പു സാമ്പത്തീക വർഷം 21000 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കുന്നതെന്നും ഇത് റെക്കോർഡാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതുതായി നിർമ്മിക്കുന്ന ലൈഫ് ഭവനങ്ങളുടെ പെർമിറ്റ് വിതരണോദ്ഘാടനം ജോയ്സ് ജോർജ് എം.പി നിർവഹിച്ചു. ലാപ്ടോപ്പ് വിതരണം മുൻ എം.എൽ.എ ബാബു പോൾ നിർവഹിച്ചു. വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം.എ.സഹീർ, പ്രമീള ഗിരീഷ് കുമാർ, രാജിദിലീപ്, സി.എം.സീതി, ഉമാമത്ത് സലീം, കൗൺസിലർമാരായ കെ.എ.അബ്ദുൾ സലാം, സി.എം.ഷുക്കൂർ, ഷൈല അബ്ദുള്ള , പി.വൈ. നൂറുദ്ദീൻ, മേരി ജോർജ്, പി.പി.നിഷ, കെ.ജെ.സേവ്യർ, ബിനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരൻ സ്വാഗതവും സെക്രട്ടറി പി.പി.ലതേഷ് കുമാർ നന്ദിയും പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K