21 February, 2019 08:57:43 PM


അവശതകളനുഭവിക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ സമൂഹം ഒരുമിക്കണം - സുരേഷ് ഗോപി എം.പി.




പാലാ: കഷ്ടതകളനുഭവിക്കുന്നവരെ സഹായിക്കാന്‍ ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് സുരേഷ് ഗോപി എം.പി. ബി.ജെ.പി. രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്പിളി ആര്‍. നായര്‍ ശ്രീദേവി സംഭാവന ചെയ്ത സ്ഥലം വീടുനിര്‍മ്മിക്കുന്നതിനു വേണ്ടി രണ്ട് കുടുംബങ്ങള്‍ക്ക് കൈമാറി രാമപുരം സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭാര്യയും മക്കളുമായി സമാധാനമായി കിടന്നുറങ്ങുവാന്‍ ഒരു വീടാണ് ഒരു കുടുംബത്തിന് ഏറ്റവും അത്യാവശ്യം. സ്വന്തമായി വീടില്ലാത്ത ഒരു കുടുംബം പോലും നമ്മുടെ പ്രദേശങ്ങളില്‍ ഉണ്ടാകരുത്. സര്‍ക്കാരിന് മുഴുവന്‍ ആളുകള്‍ക്കും വീടുവച്ച് നല്‍കുവാന്‍ സാധിച്ചെന്നു വരികയില്ല. സഹായിക്കാന്‍ സന്മനസ്സും, സാഹചര്യവുമുള്ളവര്‍ ഇല്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ മുന്‍പോട്ട് വരണമെന്നും, ഒരാള്‍ക്ക് ഒറ്റക്ക് ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ സാധിച്ചില്ലെങ്കില്‍ സുഹൃത്തുക്കളെയും, ബന്ധുക്കളെയും എല്ലാം സഹകരിപ്പിച്ച് കുറച്ച് പേര്‍ ചേര്‍ന്നിട്ടായാലും വീട് നിര്‍മ്മിച്ചു നല്‍കുവാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും സുരേഷ് ഗോപി തുടർന്നു.

പ്രശസ്തമായ നാലമ്പലങ്ങളുടെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെയും പുണ്യ ഭൂമിയാണ് രാമപുരം. ശ്രീരാമസ്വാമിയുടെ പേരിലും, കുഞ്ഞച്ചന്‍റെ പേരിലും പാവങ്ങളുടെ ഭവന നിര്‍മ്മാണത്തിനായി ഓരോ ഭവനത്തിലും കാണിക്കവഞ്ചികള്‍  വയ്ക്കണമെന്നും അതില്‍ നിന്നും സ്വരൂപിക്കുന്ന പണം യാതൊരു വേര്‍തിരിവുകളുമില്ലാതെ തികച്ചും അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുത്ത് വീട് വച്ച് നല്‍കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

മികച്ച ഗ്രാമപഞ്ചായത്ത് മെമ്പര്‍ക്കുള്ള രാജീവ്ഗാന്ധി പുരസ്കാരം നേടിയ എം.പി. ശ്രീനിവാസനെയും, എം.ജി. സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഷൈജ എന്‍.സി.യെയും യോഗത്തില്‍ ആദരിച്ചു. ഭാരതീയ ജനതാപാര്‍ട്ടി രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സുരേഷ് ഏഴാച്ചേരി അദ്ധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, ബി.ജെ.പി. ജില്ലാ പ്രസിഡന്‍റ് എന്‍. ഹരി, പ്രൊഫ. ബി. വിജയകുമാര്‍, ലിജിന്‍ ലാല്‍, സോമശേഖരന്‍ തച്ചേട്ട്, പി.പി. നിര്‍മ്മലന്‍, ജയന്‍ കരുണാകരന്‍, എം.ഓ. ശ്രീക്കുട്ടന്‍,  സിനിമാ താരം ചാലി പാലാ എന്നിവര്‍ പ്രസംഗിച്ചു

✍ സുനിൽ പാലാ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K