21 February, 2019 11:36:56 PM


വീടും സ്ഥലവുമെല്ലാം ഉണ്ട്; എന്നിട്ടും ലക്ഷ്മി അമ്മയ്ക്ക് ആശ്രയം വൃദ്ധമന്ദിരം




തൃശൂര്‍: ആറ് മക്കളും തറവാടും വീടും സ്ഥലവുമെല്ലാം ഉണ്ടായിട്ടും എഴുപത്തിയഞ്ചുകാരിയായ ലക്ഷ്മി അമ്മയ്ക്ക് വൃദ്ധമന്ദിരത്തില്‍ കഴിയാന്‍ വിധി. ആറ് മക്കളും തമ്മിലുള്ള മത്സരത്തില്‍ ആരും ഏറ്റെടുക്കാന്‍ തയ്യാറല്ലാതെ വന്നതോടെയാണ് ലക്ഷ്മിയുടെ താമസം വൃദ്ധമന്ദിരത്തിലായത്. ഇരവിമംഗലം പുന്നാട്ടുകര പരേതനായ കുമാരന്‍റെ ഭാര്യ കെ.കെ ലക്ഷ്മിയ്ക്കാണ് ഈ ദുര്‍വിധി.


ഏഴ് മക്കളായിരുന്നു ലക്ഷ്മി അമ്മയ്ക്ക്, ഒരാള്‍ നേരത്തെ മരിച്ചു. ആറ് മക്കളില്‍ ഒരു മകളോടൊപ്പമായിരുന്നു കുറെ കാലമായി ഇവര്‍ കഴിഞ്ഞിരുന്നത്. തനിക്ക് ഒറ്റയ്ക്കു നോക്കാനാവില്ലെന്നും എല്ലാ മക്കളും അമ്മയെ സംരക്ഷിക്കാന്‍ തയാറാകണമെന്നും  മകള്‍ പറഞ്ഞു. എന്നാല്‍, ആരും തയാറായില്ല. അങ്ങനെ ലക്ഷ്മിയുടെ വിഷയം ആര്‍.ഡി.ഒയുടെ മുന്‍പിലെത്തി. തറവാടും വീടും സ്ഥലവുമെല്ലാം ലക്ഷ്മിക്ക് സ്വന്തമായുണ്ട്. തറവാട്ടില്‍ പോകാമെന്ന് ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന ഈ വീട്ടില്‍ ഇവര്‍ സുരക്ഷിതയായിരിക്കില്ല എന്നതിനാല്‍ വൃദ്ധമന്ദിരം അധികൃതര്‍ ഇത് വേണ്ടെന്നു വെയ്ക്കുകയായിരുന്നു.


രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം സംബന്ധിച്ച നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന സിറ്റിങ്ങില്‍ ലക്ഷ്മിയെയും മക്കളെയും വിളിച്ചു വരുത്തിയിരുന്നു. മക്കളാരെങ്കിലും ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ ആര്‍.ഡി.ഒ ടി.എന്‍.സാനു സിറ്റിങ് വൈകിട്ടത്തേക്കു നീട്ടിയെങ്കിലും ഫലമുണ്ടായില്ല. മക്കളാരെങ്കിലും ഏറ്റെടുക്കുന്നതു വരെ ഒന്നോ രണ്ടോ ദിവസം വൃദ്ധമന്ദിരത്തില്‍ താമസിക്കാമെന്നു പറഞ്ഞാണ് ലക്ഷ്മിയമ്മ സാമൂഹിക നീതി വകുപ്പ് ജീവനക്കാര്‍ക്കൊപ്പം വൃദ്ധമന്ദിരത്തിലേക്ക് പോയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K