23 February, 2019 10:16:20 PM


പണിതീരാത്ത വലിയ വീടുകളേക്കാള്‍ നല്ലത് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ചെറിയ വീടുകൾ - ജി.ശങ്കർ



തിരുവനന്തപുരം: പ്രളയാനന്തര ഭവനിര്‍മാണത്തില്‍ വീടിന്റെ വലിപ്പക്കുറവിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പണിതീരാത്ത വലിയ വീടുകളേക്കാള്‍ നല്ലത് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ചെറിയ വീടുകളാണെന്നും ഹാബിറ്റാറ്റ് ടെക്‌നോളജീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജി. ശങ്കര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി 'പ്രളയാനന്തര കേരളം; ഭവനിര്‍മാണത്തിലെ വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തില്‍ ലൈഫ് മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
ഇപ്പോള്‍ നിര്‍മിക്കുന്ന വീടുകള്‍ പില്‍ക്കാലത്ത് വലിപ്പം കൂട്ടാവുന്ന വിധത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. കാറ്റും വെളിച്ചവും അകത്തുവരുന്ന, തണുപ്പുള്ള വീടുകളാണ് നമുക്ക് വേണ്ടത്. കേരളത്തിലെ നിര്‍മാണ വൈദഗ്ധ്യവും രീതിശാസ്ത്രവും അടിസ്ഥാനമാക്കിയാണ് നിര്‍മാണം നടത്തേണ്ടത്. ചെലവു കുറച്ചും ഊര്‍ജ്ജ പരിഗണനകള്‍ക്കനുസരിച്ചും പരിസ്ഥിതിക്ക് അനുയോജ്യമായും വീടുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. നമ്മുടെ വീടുകള്‍ ഭൂമിക്ക് ഭാരമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന നിര്‍മാണ രീതികള്‍ക്ക് പരിഗണന നല്‍കുകുകയും വേണം അദ്ദേഹം പറഞ്ഞു.
 
ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവല്‍ അധ്യക്ഷനായി. കോസ്റ്റ്‌ഫോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ പി.ബി. സാജന്‍, തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ്  അധ്യാപിക ഡോ. പ്രിയാഞ്ജലി പ്രഭാകര്‍, എ.ഡി.സി ജനറല്‍ പി.കെ. അനൂപ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ.എ. അനില്‍കുമാര്‍, ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജെ. സജീന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K