25 February, 2019 06:18:41 PM


മൂലമറ്റത്ത് മറ്റൊരു പവ്വർ ഹൗസ് കൂടി സ്ഥാപിക്കുന്നത് പരിഗണനയിൽ - മന്ത്രി എം.എം.മണി



ഏറ്റുമാനൂർ: ഊർജ ഉത്പാദന രംഗത്ത് പുതിയ മാർഗ്ഗം തേടാതെ മുന്നോട്ടു പോകാൻ കഴിയില്ലന്നും മൂലമറ്റത്ത് നിലവിലുള്ള പവ്വർഹൗസിന്‍റെ സ്ഥാനത്ത് അതേ ശേഷിയുള്ള മറ്റൊരു പവ്വർഹൗസ് കൂടി സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിഗണിച്ചു വരുകയാണന്നും മന്ത്രി എം.എം.മണി പറഞ്ഞു. അതിനുള്ള പഠനങ്ങൾ പൂർത്തിയായി. നിലവിലുള്ള വെള്ളം കൊണ്ട് തന്നെ പുതിയ പവ്വർ ഹൗസ് രാത്രിയിലും പ്രവർത്തിപ്പിക്കാനാവും. ഇതോടെ രാത്രിയിലെ ആവശ്യത്തിന് വൈദ്യുതി തടസമില്ലാതെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.


പ്രസരണനഷ്ടം കുറച്ച് തടസ്സരഹിതമായി വൈദ്യുതി ആവശ്യാനുസരണം ഉപഭോക്താക്കളില്‍ എത്തിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുളള ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂരില്‍ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ (ജിഐഎസ്) സബ്‌ സ്റ്റേഷന്‍റെ നിര്‍മ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ.കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പ്രസരണ വിഭാഗം ദക്ഷിണ മേഖല  ചീഫ് എഞ്ചിനിയർ വി. ബ്രിജ്‌ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി, ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീന ബിനു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മേരിക്കുട്ടി സെബാസ്റ്റ്യന്‍, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് ചെറിയാന്‍, ജില്ലാ പഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രന്‍, ട്രാന്‍സ്മിഷന്‍ ആന്‍റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ പി.വിജയകുമാരി, ട്രാന്‍സ്ഗ്രിഡ് ചീഫ് എഞ്ചിനീയര്‍ പി. രാജന്‍, കെ.സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാണക്കാരിയില്‍ നിലവിലുള്ള സബ്ബ് സ്റ്റേഷനോട് ചേർന്നാണ് പുതിയ സബ്ബ് സ്റ്റേഷൻ നിർമ്മിക്കുന്നത്. ഇതോടെ ഏറ്റുമാനൂർ സബ്ബ് സ്റ്റേഷൻ പൂവൻതുരുത്ത് സബ്ബ് സ്റ്റേഷന്‍റെ നിലവാരത്തിലെത്തും.  220 കെ.വി സബ്സ്റ്റേഷന്‍ ആകുന്നതോടെ നിലവിലെ 66 കെ.വിയുടെ 5 പ്രസരണ ലൈനുകള്‍ 110 കെ.വി ആയി ഉയര്‍ത്തപ്പെടും. സബ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 66.5 കോടിയുടെയും അനുബന്ധലൈനുകളുടെ നിര്‍മ്മാണത്തിന് 97.9 കോടിയുടെയും ഭരണാനുമതിയാണ് ലബിച്ചിട്ടുള്ളത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K