15 March, 2016 05:15:11 PM


ഭാര്യയെ വെട്ടിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു



തൃശൂര്‍ : പിണങ്ങിപ്പോയ ഭാര്യയെ ഫോണില്‍ വിളിച്ച് വരുത്തി വെട്ടിപ്പരിക്കേല്‍പിച്ച ശേഷം ഭര്ത്താവ് ആത്മഹത്യ ചെയ്തു. കോലഴി സ്വപ്നഭൂമിയില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ ബൈജു (43) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഭാര്യ പ്രിന്‍സി (36) യെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച രാവിലെയാണ് സംഭവം. പെയിന്‍റിംഗ് തൊഴിലാളിയാണ് ബൈജു. മകളുടെ വിവാഹത്തിനുണ്ടായ കടബാധ്യതയെച്ചൊല്ലി ഇരുവരും വഴുക്കുണ്ടാവുക പതിവായിരുന്നു. കഴിഞ്ഞ ദിവസം പ്രിന്‍സി പിണങ്ങിപ്പോവുകയും ചെയ്തു. അന്നുമുതല്‍ ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞ് വെട്ടുകത്തിയുമായി നടക്കുകയായിരുന്നത്രേ ബൈജു. 

ഞായറാഴ്ച രാത്രി പ്രിന്‍സിയെ ഫോണില്‍ വിളിക്കുകയും രമ്യതയിലാവുകയും കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച പ്രിന്‍സി ജോലി ചെയ്യുന്ന കടയിലേക്ക് വരുന്ന വഴി പ്രിന്‍‍സിയെ വെട്ടുകയായിരുന്നു. 

നിലവിളി കേട്ട് നാട്ടുകാരോടിക്കൂടിയതോടെ രക്ഷപ്പെട്ട പ്രതി വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. പോലീസ് നടപടികള്‍ സ്വീകരിച്ചു. ജിന്‍സി, ജെനി എന്നിവരാണ് മക്കള്‍‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K