09 March, 2019 10:20:45 AM


ആലപ്പാട് കരിമണല്‍ ഖനനം: പഠന സമിതിയില്‍ തീരദേശവാസികളെ ഉള്‍പ്പെടുത്തണമെന്ന്



കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെയുള്ള സമരം നൂറ്റി അൻപതാം ദിവസത്തിലേക്ക്. സ‍ർക്കാർ നിയോഗിച്ച പഠന സമിതിയില്‍ സമരസമിതിയ്ക്ക് അതൃപ്തി. പഠനവും റിപ്പോർട്ടും വൈകുന്നതിന് പിന്നില്‍ കെഎംഎംഎൽ ഒത്തുകളിക്കുന്നുവെന്നും സമിതിയില്‍ തീരദേശവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

ഖനനം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച പഠന സംഘത്തില്‍ സമരസമിതി നി‍ർദ്ദേശിക്കുന്ന ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനെയും സ്ഥലവാസിയെയും കൂടി ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. പഠനം സംബന്ധിച്ച ഒരു അറിയിപ്പും സമരസമിതിക്ക് ലഭിച്ചിട്ടില്ലെന്നും പഠയുന്നു. മേഖലയിലെ കാലാവസ്ഥാ വ്യതിയാനം മുതല്‍ ജലസ്രോതസ്സുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വരെ പഠന വിഷയമാക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.

സെസ്സിലെ ശാസ്ത്രജ്ഞന്‍റെ നേതൃത്വത്തിലുള്ള സംഘം ഒരുമാസത്തിനുള്ളില്‍ പഠന റിപ്പോ‍ർട്ട് നല്‍കുമെന്നായിരുന്നു സർക്കാരിന്‍റെ ഉറപ്പ്. അത് പാലിക്കാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനോട് യോജിക്കാൻ കഴിയില്ലന്നും സമരസമിതിപ്രവർത്തകർ പറയുന്നു. ഖനനം പൂർണമായും നിർത്തണമെന്ന് ആവശ്യപ്പെട്ട് നവംബ‍ർ ഒന്നിനാണ് സമരം തുടങ്ങിയത്. സമരത്തിന്‍റെ നൂറ്റമ്പതാം ദിവസം സമരത്തില്‍ പങ്കെടുത്ത മുഴുവൻ പേരുടെയും സംഗമം സംഘടിപ്പിക്കാനാണ് തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K