09 March, 2019 09:47:14 PM


വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി മുംബൈയിൽ പിടിയിൽ



ചങ്ങനാശ്ശേരി: യു.കെയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന ഓൺലൈൻ പരസ്യത്തിലൂടെ ചങ്ങനാശ്ശേരി സ്വദേശിയിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ മുംബൈയിൽനിന്നും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് അംബിക നിവാസിൽ ജയശീലൻ ( 35 ) ആണ് പോലീസ് പിടിയിലായത്. പ്രതിമാസം 1800 ഡോളർ ശമ്പളത്തിൽ യുകെയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന പരസ്യം ഓൺലൈനിൽ കണ്ട് ബന്ധപ്പെട്ട ചങ്ങനാശ്ശേരി സ്വദേശിയിൽ നിന്നും 2018 ജൂലൈയിലാണ് ഒരു ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്. 


റിക്രൂട്ട്മെൻറ് ഫീസായി നാലര ലക്ഷം രൂപയാണ് പ്രതി ചോദിച്ചിരുന്നത്. ആദ്യഗഡുവായി 2 ലക്ഷം രൂപ വിസ ഫീസായും ബാക്കി രണ്ടര ലക്ഷം രൂപ രണ്ടാം ഗഡുവായി ജോലിയിൽ പ്രവേശിച്ചശേഷം ശമ്പളത്തിൽ നിന്നും മതി എന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ ഒന്നാം ഗഡുവായി ഒരു ലക്ഷം രൂപ മാത്രമാണ് പരാതിക്കാരൻ പ്രതിയുടെ മുംബൈയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയിരുന്നത്. പക്ഷേ പണം ലഭിച്ചശേഷം ജോലിക്കുള്ള മറ്റു നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്ന് കാണിച്ചുകൊണ്ടാണ് പണം നഷ്ടമായ യുവാവ് പോലീസിനെ സമീപിച്ചത്.


പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടിന്‍റെയും, ഫോൺ കോളുകളുടെയും വിവരങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ എസ് ഐ ഓമനക്കുട്ടൻ സിപിഒമാരായ വിനോദ്, മർക്കോസ് എന്നിവർ അടങ്ങുന്ന സംഘം മുംബൈയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K