18 March, 2019 08:07:43 AM


നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമം; കട്ടപ്പനയില്‍ അഞ്ചു പേര്‍ പിടിയില്‍




കട്ടപ്പന: നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടുക്കി കട്ടപ്പനയില്‍ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.  കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ച് വില്‍പ്പന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.പെരുമ്പാവൂര്‍ കല്ലുകൂട്ടത്തില്‍ കെ മോഹനന്‍, കൊട്ടാരക്കര സ്വദേശി ഓണപ്പറമ്പില്‍ എസ് ലാലു, ഉപ്പുതറ പത്തേക്കര്‍ സ്വദേശികളായ കൊല്ലംപറമ്പില്‍ ജെയ്‌സണ്‍ ജോസഫ് സഹോദരങ്ങളായ പുത്തന്‍പുരയ്ക്കല്‍ മുത്തുരാജ് ,മോഹനന്‍ എന്നിവരാണ് അറസ്റ്റിലായത്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നക്ഷത്ര ആമയുമായി പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ 50 ലക്ഷം രൂപക്കാണ് നക്ഷത്ര ആമകളെ വില്‍പ്പനക്കെത്തിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. നക്ഷത്ര ആമയെ കൈമാറ്റം നടത്തുന്നുണ്ടെന്ന് വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന, കാഞ്ചിയാര്‍ ഫോറസ്റ്റ് ഡിവിഷനുകളിലെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വംശനാശഭീഷണി നേരിടുന്ന അത്യപൂര്‍വ ഇനമായ നക്ഷത്ര ആമകളെ പിടികൂടുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K