21 March, 2019 12:01:53 PM


വിദേശമലയാളികൾക്ക് ലോട്ടറി അടിച്ചെന്ന പേരിൽ തട്ടിപ്പ്: മൂന്ന് പേർ അറസ്റ്റിൽ




കോട്ടയം: വിദേശത്ത് ലോട്ടറി അടിച്ചെന്ന പേരിൽ വിദേശ മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് പണവും സ്വർണവും തട്ടിയെടുത്ത മൂന്നംഗസംഘം അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട് പൊതുവെ പുത്തൻവീട്ടിൽ ദിലീപ് (ശ്യാം - 28), കടകംപള്ളി ശാലിനി നിവാസിൽ സതീശൻ (55), അണ്ടൂർക്കോണം പുത്തൻവീട്ടിൽ നസീം (38) എന്നിവരാണ് അറസ്റ്റിലായത്. വാകത്താനം സ്റ്റേഷൻ പരിധിയിലുള്‍പ്പെടെ ഏഴു കേസുകളിലായി ഒരു ലക്ഷത്തിലധികം രൂപയും 15 പവൻ സ്വർണാഭരണങ്ങളും ആണ് തട്ടിയെടുത്തത്. 


വിദേശത്ത് ജോലി ഉള്ളവരുടെ തനിച്ചു താമസിക്കുന്ന പ്രായമായ അച്ഛനമ്മമാർ, ബന്ധുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇവരുടെ ലാൻഡ്ഫോൺ നമ്പർ സംഘടിപ്പിച്ച് വിദേശത്തുള്ള മകനോ മകൾക്കോ അവിടെ ലോട്ടറി അടിച്ചു എന്ന് അറിയിക്കും. ഈ തുക ടാക്സ് ഒഴിവാക്കി തരാൻ പണം ആവശ്യപ്പെടുകയും വീട്ടുകാരെ റെയിൽവേ സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും വിളിച്ചുവരുത്തുകയും ചെയ്യും. സ്ഥലത്തെത്തുമ്പോൾ പണമില്ലെങ്കിൽ പകരം സ്വർണാഭരണങ്ങൾ വാങ്ങി മുങ്ങുകയും ആയിരുന്നു പതിവ്.


എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ 2015 ലും 2018 ലും സമാനമായ രീതിയിൽ ഇവർക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്‍റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി കെ എൻ രാജൻ, വാകത്താനം ഇൻസ്പെക്ടർ ബി മനോജ് കുമാർ, എസ് ഐ പി ജസ്റ്റിൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K