23 March, 2019 02:41:47 PM


മായയുടെ കൈയിൽ 'മഹാമായയായി ആയുസ് '! അവിശ്വസനീയം ഈ അതിജീവനത്തിന്‍റെ കഥ



പാലാ: കറിച്ചട്ടിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ജീവിതത്തിലെത്തിയ പള്ളത്തിമീനിന് മായയും മക്കളും ചേർന്നൊരു പേരിട്ടു - "ആയുസ് "!

പാലാ രാമപുരം കൂടപ്പുലം കർത്താനകുഴിയിൽ വീട്ടിൽ ഊണുമുറിയിലെ അര ബക്കറ്റ് വെള്ളത്തിൽ കഴിയുന്ന "ആയുസ്സിന്‍റെ" അതിജീവനത്തിന്‍റെ കഥ നമുക്ക് അവിശ്വസനീയമായി തോന്നാം. കഴിഞ്ഞ ഡിസംബർ 12-ന് രാവിലെ 10 മണിക്കാണ് ആയുസ്സ് കർത്താനാകുഴിയിൽ കുടുംബത്തിലേക്ക് കയറി വന്നത്. കൂടെപ്പിറപ്പുകളുടെ ജീവനറ്റ ദേഹങ്ങൾക്കൊപ്പം ഒരു തുള്ളി ജീവനുമായി.

വറചട്ടിയിൽ നിന്നും ജീവിതത്തിലേക്ക് നീന്തി നമ്മളെ അമ്പരിപ്പിക്കുന്ന "ആയുസ്സി"ന്‍റെ കഥ ഇങ്ങനെ - കർത്താനാകുഴിയിൽ വീട്ടിലെ ഗൃഹനാഥൻ ഹരിദാസ് ഉഴവൂർ കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയാണ്. എല്ലാ ആഴ്ചയും ഉഴവൂർ ചന്തയിൽ നിന്നും കായൽ മത്സ്യം വാങ്ങാറുണ്ട്. കഴിഞ്ഞ ഡിസംബർ 12-നും ഹരിദാസ് ഒരു കിലോ കായൽ മത്സ്യം വാങ്ങി. പ്ലാസ്റ്റിക്ക് കൂടിൽ പൊതിഞ്ഞ് രാവിലെ 10- മണിക്കാണ് മീൻ വീട്ടിലെത്തിച്ചത്.  

ഹരിദാസിന്‍റെ ഭാര്യ മായ, ഉച്ചയൂണിന് വറക്കാൻ മീൻ വെട്ടാനായി ചട്ടിയിലേക്ക് ഇട്ടത് 12 മണിയോടെ. ചട്ടിയിൽ വെള്ളമൊഴിച്ച് കഴുകവെ  മായയ്ക്ക് ഒരു സംശയം; ഒരു മീനിന് അനക്കമുണ്ടോ ...? ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ ആ മീൻ വീണ്ടും പിടയ്ക്കുന്നു... അതിനെ മുറിക്കാൻ മനസ്സുവരാത്ത മായ പെട്ടെന്ന് ഈ മീനിനെ എടുത്ത് അടുത്തുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിലേക്കിട്ടു. പത്ത് മിനിറ്റിനുള്ളിൽ ഈ വെള്ളത്തിൽ മീൻ  നീന്തിത്തുടിച്ചു തുടങ്ങി. വൈകിട്ട് സ്കൂൾ വിട്ട്  വീട്ടിൽ വന്ന മക്കൾ ഒൻപതാം ക്ലാസ്സുകാരൻ ശിവരഞ്ജനും നാലാം ക്ലാസ്സുകാരൻ ദേവരഞ്ജനും "മരിച്ചു ജീവിച്ച" മത്സൃത്തെ കണ്ടപ്പോൾ അത്ഭുതം. "നമുക്കിതിനേ വളർത്താം അമ്മേ"   ആയുസ്സ് നീട്ടിക്കിട്ടിയ പള്ളത്തി മീനിന് ഇവർ പേരുമിട്ടു - ആയുസ്സ്!

അടുക്കളയിൽ നിന്ന് ഊണുമുറിയോടു ചേർന്ന ഹാളിലാണിപ്പോൾ ആയുസ്സിന്‍റെ താമസം.  സഹമീനുകളെല്ലാം ഭക്ഷണമായിട്ടും വെള്ളമില്ലാതെ മണിക്കൂറുകൾ പിന്നിട്ട് ആയുസ്സ് നീട്ടിക്കിട്ടിയ "ആയുസ്സിന്" മുന്നിൽ പിന്നെയും വന്നൂ വിധിയുടെ പരീക്ഷണം. രണ്ടാഴ്ച മുമ്പ് വീട്ടിൽ എല്ലാവരും പുറത്തു പോയി വന്നപ്പോൾ ആയുസ്സ് ബക്കറ്റിലില്ല. തൊട്ടടുത്ത മുറിയിൽ നിന്ന് ശബ്ദം കേട്ട് ഹരിദാസ് നോക്കുമ്പോൾ ജീവനു വേണ്ടി ആയുസ്സ് പിടഞ്ഞു ചാടുകയാണ്. ഉടൻ പിടിച്ച് ബക്കറ്റിലെ വെള്ളത്തിലിട്ടു. വാൽ ഭാഗം അൽപ്പം മുറിഞ്ഞെങ്കിലും ഇവിടേയും ആയുസ്സിന്‍റെ ആയുസ്സ് നീണ്ടു. 

ബിസ്ക്കറ്റിന്റെ ചെറിയ തരിയാണ് ഭക്ഷണം. മായയോ, ഹരിദാസോ , മക്കളോ ബക്കറ്റിനടുത്തെത്തി, ആയുസ്സേ എന്ന് നീട്ടി വിളിച്ചാൽ വെള്ളത്തിനടിയിൽ നിന്നും കുതിച്ചുയർന്നു വരും. മായ വെള്ളത്തിനു മേലെ കൈ കാണിച്ചാൽ കൈപ്പത്തിയിലേക്ക് ഇവൻ ചാടിക്കയറും. ഒരിക്കൽ ജീവൻ നീട്ടിത്തന്ന കയ്യിലിരുന്ന് ഇനി ജീവൻ പോയാലെന്ത് എന്ന മട്ടിൽ. അഞ്ചു മിനിട്ടോളം മായയുടെ കയ്യിൽ "അനങ്ങാതിരിക്കുന്ന" ആയുസ്സ് പൊടുന്നനേ  വെള്ളത്തിലേക്ക് ഊളിയിടും. 

തങ്ങളുടെ  കുടുംബത്തിലെത്തിയ കൊച്ചു മീനിന്‍റെ കഥ കുട്ടികൾ സ്കൂളിൽ പാട്ടാക്കിയതോടെ "അത്ഭുത ആയുസ്സിനെ" കാണാൻ ശിവരഞ്ജന്റെയും, ദേവരഞ്ജന്റെയും കൂട്ടുകാർ  കർത്താനാകുഴിയിലേക്ക് കുതിക്കുകയായിരുന്നു. ഇപ്പോൾ അയൽ വീട്ടുകാർക്കു മുന്നിലും അത്ഭുതമാവുകയാണീ കുഞ്ഞൻ ആയുസ്സ്!

✍ സുനിൽ പാലാ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K