24 March, 2019 08:47:07 PM


സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതം ഏറ്റത് ഏഴ് പേർക്ക്; മൂന്ന് പേരുടെ മരണത്തില്‍ സംശയം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് സൂര്യാഘാതമേറ്റു. കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേ‍ർക്ക് സംസ്ഥാനത്ത് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. തിരുവനന്തപുരം പാറശാലയിലും പത്തനംതിട്ട മാരാമണ്ണിലും കണ്ണൂർ വെള്ളോറയിലുമായി മൂന്ന് പേർ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കാസർകോട്ട് കുമ്പളയിൽ മൂന്ന് വയസുകാരിക്കും, കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആർഎസ്‍പി നേതാവിനും സൂര്യാഘാതമേറ്റു. 

കേരളത്തിലെ അഞ്ച് ജില്ലകളിൽ താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ അടുത്ത രണ്ട് ദിവസം താപനില 3 മുതൽ 4 ഡിഗ്രീ സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഈ ആഴ്ച മാത്രം 55 പേർക്ക് സൂര്യാഘാതമേറ്റു. സംസ്ഥാനത്ത് ഇതു വരെ ഒരു മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അന്തരീക്ഷത്തിൽ ഈ‌ർപ്പത്തിന്‍റെ അളവ് കുറവാണെന്നും അതീവ ജാഗ്രതവേണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

തിരുവനന്തപുരത്ത് പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുണാകരന്‍ എന്നയാളെ കുഴഞ്ഞു വീണ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ കരുണാകരനെ ഉടനെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മരണം സൂര്യാഘാതം മൂലമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. വയലില്‍ പണിയെടുക്കുകയായിരുന്നു കരുണാകരനെന്നും ഇതിനിടയില്‍ സൂര്യാഘാതമേറ്റതാവാം എന്നുമാണ് സംശയിക്കുന്നത്. 

പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിൽ അറുപതുകാരനെ പമ്പയാറിന്‍റെ തീരത്തുള്ള വഴിയരികിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരനായ ഷാജഹാന്‍റെ മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കണ്ടെത്തിയത്. മരണം സൂര്യാഘാതം മൂലമാണെന്ന്സം ശയിക്കുന്നതായി മൃതദേഹം പരിശോധിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഇയാളുടെയും ശരീരത്തിലെ തൊലി പൊള്ളലേറ്റ് പൊളിഞ്ഞിട്ടുണ്ട്. 

കണ്ണൂരിൽ വെള്ളോറയിൽ കാടൻ വീട്ടിൽ നാരായണൻ എന്ന അറുപത്തിയേഴുകാരനെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റപാടുകളുണ്ട്. ശരീരത്തിൽ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിലാണ് മൃതദേഹം. ഈ മൂന്ന് പേരുടെയും മരണം സൂര്യാഘാതം മൂലമാണോയെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരണം.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കൊല്ലം പുനലൂരിൽ വച്ച് ആർഎസ്‍പി മണ്ഡലം സെക്രട്ടറി നാസർ ഖാന് സൂര്യാഘാതമേറ്റത്. കാസർകോട്ട് മൂന്ന് വയസുകാരിയായ കുമ്പള സ്വദേശി മൂന്ന് വയസുകാരി മർവ്വക്കും ഇന്ന് സൂര്യാഘാതമേറ്റു. സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താപനില ശരാശരിയില്‍ നിന്നും മൂന്ന് മുതൽ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K