28 March, 2019 02:34:58 PM


ഓച്ചിറ സംഭവം: പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ വ്യാജമെന്ന് പ്രതിയുടെ ബന്ധുക്കൾ



കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ രാജസ്ഥാന്‍കാരിയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമാണെന്ന് കാണിച്ച് പ്രതി റോഷന്‍റെ ബന്ധുക്കൾ  പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ ആധാർ കാര്‍ഡ് ബന്ധുക്കൾ ഒളിപ്പിച്ചെന്നും ഇവര്‍ ആരോപിക്കുന്നു.


പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന് തെളിയിക്കുന്ന രേഖകൾ ഇന്നലെ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ 18 വയസില്‍ താഴെയാണ് പ്രായം. പെൺകുട്ടിയുടെ സ്കൂൾ രേഖയിൽ ജനനത്തീയതി 17.09.2001 ആണ്. ഈ സാഹചര്യത്തില്‍ പ്രതികൾക്കെതിരെ പോക്സോ വകുപ്പ് നിലനിൽക്കും. പെൺകുട്ടിയുടെ  പ്രായം തെളിയിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും.


മാര്‍ച്ച് 18നാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്നത്. രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ടതിന്‍റെ പത്താം ദിവസമാണ് പെൺകുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത്. തന്നെ റോഷൻ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നുമാണ് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും രണ്ട് വർഷമായി പ്രണയത്തിലാണെന്നുമാണ് മുഖ്യപ്രതി മുഹമ്മദ് റോഷനും അവകാശപ്പെടുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K