01 April, 2019 08:28:15 AM


പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലിട്ട യുവാവിനെ മര്‍ദ്ദിച്ചു; നാല് പേര്‍ പിടിയില്‍




തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്. വെള്ളിയാഴ്ച രാത്രി ഒരു സംഘം ജോലി സ്ഥലത്ത് നിന്നും വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുദേവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.


തുടര്‍ന്ന് സംഘം വിഷ്ണുവിനെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചു. അര്‍ധരാത്രിയോടെ സംഘം വിഷ്ണുവിനെ കഴക്കൂട്ടം മേല്‍പാലത്തിന് സമീപം ഉപേക്ഷിച്ചു. ക്രൂരമര്‍ദ്ദനത്തില്‍ വിഷ്ണുവിന്റെ മുഖത്ത് പരുക്കേറ്റു. അയല്‍വാസിയും സുഹൃത്തുമായ പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രം വിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ സഹോദരന്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല.


തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ സുഹൃത്തുക്കളെ കൂട്ടി വിഷ്ണുവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് സ്വദേശികളായ മിഥുന്‍,വിനീത്,അഖില്‍ ചന്ദ്രന്‍,അതുല്‍ ചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ സഹോദരനടക്കം മറ്റ് അഞ്ചുപേര്‍ക്കായി അന്വേഷണം തുടരുകയാണ്. കൈവശമുണ്ടായിരുന്ന പതിനയ്യായിരം രൂപ സംഘം തട്ടിയെടുത്തതായും വിഷ്ണു പരാതിപ്പെട്ടിട്ടുണ്ട്.പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K