01 April, 2019 08:41:46 PM


കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടികിട്ടാപുള്ളി തലൈവർ രാസാങ്കം പിടിയിൽ




കോട്ടയം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി  പിടിയിൽ. തമിഴ്നാട് കമ്പം സ്വദേശി തലൈവർ രാസാങ്കം എന്ന് വിളിപേരുള്ള രാസാങ്കം (45) ആണ് കോട്ടയം ജില്ലാ ആന്‍റി ഗുണ്ടാ സ്ക്വാഡിന്‍റെ പിടിയിലായത്. 

ആന്ധ്രാ, ഒറീസ എന്നിവിടങ്ങളിൽനിന്നും ട്രെയിൻ മാർഗം കമ്പത്ത് എത്തിക്കുന്ന കഞ്ചാവ് വീടുകളിൽ രഹസ്യ അറകളുണ്ടാക്കി സൂക്ഷിക്കും പിന്നീട് ഇടനിലക്കാർ വഴി മൊത്തമായും, ചില്ലറയായും തമിഴ് നാട്ടിലും കേരളത്തിലും വിൽക്കുകയായിരുന്നു പതിവ്. കേരളത്തിൽ വിവിധ സ്റ്റേഷനുകളിൽ രാസാങ്കത്തിനെതിരെ നിരവധി ക്രമിനൽ കേസുകൾ നിലവിലുണ്ട്. ഒരു കേസിൽ പോലും കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് രാസാങ്കത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ഇതേ തുടർന്ന് പ്രതിയെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്‍റെ നിർദേശാനുസരണം കോട്ടയം ഡി.വൈ.എസ്.പി ആർ. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള ആന്‍റി ഗുണ്ടാ സ്‌ക്വാഡ് തമിഴ്‌നാട്ടിലേയ്ക്ക് തിരിക്കുകയായിരുന്നു. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ ആരും കയറിച്ചെല്ലാൻ മടിക്കുന്ന കമ്പത്തെ കഞ്ചാവ് കോളനിയിൽ കയറിയ ആന്‍റി ഗുണ്ടാ സ്‌ക്വാഡ് സംഘം സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.  

രാസാങ്കമായിരുന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കഞ്ചാവ് മാഫിയയെ നിയന്ത്രിച്ചിരുന്നത്. ഇയാൾ പിടിയിലായതോടെ കേരളത്തിലേക്കുള്ള  കഞ്ചാവ് വരവ് കുറയുമെന്നത് പ്രതീക്ഷിക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ ആന്‍റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐ മാരായ വി.എസ് ഷിബുക്കുട്ടൻ, എസ്.അജിത്, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ മനോജ്, സജമോൻ ഫിലിപ്പ്, ബിജു പി നായർ എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K