02 April, 2019 11:17:09 PM


ഉത്സവാഘോഷത്തിനിടെ സംഘർഷം: രണ്ട് പൊലീസുകാർക്ക് പരിക്ക്

 


അഞ്ചൽ: അറയ്ക്കൽ ദേവീക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിന്റെ ഭാഗമായിനടന്ന കെട്ടു കുതിരയെടുപ്പിനിടെ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് സംഘത്തിലെ രണ്ട് പേർക്ക് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം.അറയ്ക്കൽ -മലമേൽ, തേവർതോട്ടം ,ഇടയം എന്നീ കരക്കാരുടെ കെട്ടുകുതിരകൾ ആറാട്ടു കണ്ടത്തിലെത്തിയപ്പോഴാണ് ഇരു വിഭാഗം ആൾക്കാർ ഏറ്റുമുട്ടിയത്.ഇതിനെത്തുടർന്ന് ഇരുവിഭാഗത്തിലേയും ഓരോരുത്തർക്ക് പരിക്കേറ്റു.ഇവരേയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസിനു നേരേയുണ്ടായ കല്ലേറിലാണ് പൊലീസുകാർക്ക് പരിക്കേറ്റത്.അഞ്ചൽ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബേബിക്കുട്ടി, എ.എസ്.ഐ ബിജു എന്നിവർക്കാണ് പരിക്കേറ്റത്.പതിനായിരക്കണക്കിന് ജനബാഹുല്യമുള്ള ഉത്സവ സ്ഥലത്ത് മതിയായ പൊലീസുകാരില്ലാത്തതാണു് പൊലീസിന് പരിക്ക് പറ്റാൻ കാരണമായതെന്ന് പറയപ്പെടുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K