04 April, 2019 10:43:06 AM


തൃശൂരിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയിൽ



തൃശൂർ: ചിയ്യാരത്ത് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ബി ടെക് വിദ്യാർഥിനി ചിയ്യാരം സ്വദേശിനി നീതു(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ വടക്കേക്കാട് സ്വദേശി നിതീഷിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നിതീഷ് കുറെ നാളായി പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.


ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് സൂചന. നീതുവിന്റെ വീട്ടിലേക്ക് കയറി വന്ന നിതീഷ് നീതുവുമായി സംസാരിക്കുകയും പീന്നീട് ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും ചെയ്തു. തർക്കത്തിനിടെ യുവാവിൻ്റെ കൈയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാര്‍ തീയണക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.


വീട്ടിലെ ശുചിമുറിയിലാണ് നീതുവിൻ്റെ മൃതദേഹം കിടന്നിരുന്നത്. നിതീഷ് വീട്ടിൽ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നാണ് പോലീസിൻ്റെ നിഗമനം. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമർന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരാണ് യുവാവിനെ പിടികൂടി പോലീസിലേൽപ്പിച്ചത്. നീതുവിൻ്റെ അമ്മ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണ്. അച്ഛന്‍ ഉപേക്ഷിച്ചുപോയ പെൺകുട്ടി  മുത്തശ്ശിയോടും അമ്മാവനോടും കൂടെയാണ് കഴിഞ്ഞിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K