08 April, 2019 07:58:25 PM


കുടിവെള്ള ക്ഷാമം: തനതുഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കണം




ആലപ്പുഴ: കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അതത് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ജലവിഭവ വകുപ്പുദ്യോഗസ്ഥന്‍ എന്നിവര്‍ സംയുക്തപരിശോധന നടത്തി. അടിയന്തരമായി ജില്ല ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല കളക്ടര്‍ എസ്.സുഹാസ് നിര്‍ദേശിച്ചു. നിലവില്‍ നാലു താലൂക്കുകളിലായി 32 പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തിന് തനതു ഫണ്ടില്ലെന്നത് അതോറിട്ടിയുടെ ശ്രദ്ധയില്‍പെട്ടു. 
 
ഫണ്ടിന്‍റെ അഭാവത്താല്‍ കുടിവെള്ള വിതരണം നടത്താന്‍ സാധിക്കാത്ത പഞ്ചായത്തുകളില്‍ തനതുഫണ്ട് ലഭ്യമല്ലെന്ന സാക്ഷ്യപത്ര സഹിതമാകണം സംയുക്തപരിശോധന. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ യോഗത്തിലാണ് തീരുമാനം. ഏതൊക്കെ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ടെന്നും എത്ര അളവില്‍ വെള്ളം നല്‍കേണ്ടിവരുമെന്നുമുള്ള വിശദമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട തഹസില്‍ദാരുടെ ശിപാര്‍ശയോടെ വേണം അയക്കാന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിട്ടി കുടിവെള്ള വിതരണത്തിന് അടിയന്തരനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
 
കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളിലെ ജി.പി.എസ്. കാര്യക്ഷമത തഹസില്‍ദാര്‍മാര്‍ ഉറപ്പാക്കണമെന്നും ജനപ്രതിനിധികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതിനു നേതൃത്വം നല്‍കുന്നില്ലെന്നു ഉറപ്പാക്കണം. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വിവേചനരഹിതമായി കുടിവെള്ള വിതരണം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K