12 April, 2019 06:54:59 PM


പ്രകാശ് ബാബു ജയില്‍മോചിതനായി; കോഴിക്കോട് തെരഞ്ഞെടുപ്പ് കളം മുറുകുന്നു




കോഴിക്കോട്: എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബു വിജയ് സങ്കൽപ്പ് റാലിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയ ദിവസം തന്നെ ജയിൽ മോചിതനായതോടെ കോഴിക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ സജീവമായി. സ്ഥാനാർത്ഥി ഇല്ലാതെ പ്രചാരണം നടത്തിയിരുന്ന എൻഡിഎ ക്യാമ്പ് ഉണർന്നതോടെ മറ്റ് മുന്നണികളും പ്രചാരണ പരിപാടികൾ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമത്തിലാണ്. 


ചിത്തിര ആട്ട വിശേഷ നാളിൽ ശബരി മലയിൽ സ്ത്രീയെ അക്രമിച്ച കേസിൽ പ്രകാശ് ബാബു റിമാന്‍റിലായതോടെ എൻഡിഎ ക്യാമ്പ് ആശങ്കയിലായിരുന്നു. റോഡ് ഷോയും വോട്ടഭ്യർത്ഥിച്ച് കൊണ്ടുള്ള മറ്റ് പരിപാടികളും സംഘടിപ്പിച്ചെങ്കിലും സ്ഥാനാർത്ഥിക്ക് ജാമ്യം കിട്ടിയതോടെയാണ് എൻഡിഎ ക്യാന്പ് ഉണർന്നത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രകാശ് ബാബുവിനെ സ്വീകരിക്കാൻ പ്രവർത്തകരുടെ വലിയ നിര തന്നെയെത്തി. ജയിലിൽ കിടക്കേണ്ടി വന്ന സഹചര്യം വ്യക്തമാക്കി വോട്ടഭ്യർത്ഥിക്കാനാണ് സ്ഥാനാർത്ഥിയുടെ തീരുമാനം.


സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നേ തന്നെ പ്രചാരണ പരിപാടികൾ തുടങ്ങി ഏറെ മുന്നിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ. സ്വകാര്യ ചാനലിന്‍റെ ഒളിക്യാമറ വിവാദം വന്നതോടെ യുഡിഎഫ് ക്യാന്പ് ഇടയ്ക്കൊന്ന് ക്ഷീണിച്ചു. എന്നാൽ, പ്രവർത്തകർ ഏറെ ആവേശത്തിലാണെന്നും മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നുമുള്ള ആത്മ വിശ്വാസത്തിലുമാണ് സ്ഥാനാർത്ഥി. എതിർ സ്ഥാനാർത്ഥികളെ വ്യക്തിപരമായ ആക്ഷേപിക്കാതെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രദീപ്കുമാറിന്‍റെ വോട്ടഭ്യർത്ഥന. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K