16 April, 2019 08:22:59 PM


5 മണിക്കൂറില്‍ 450 കിലോമീറ്റര്‍ പിന്നിട്ട ആംബുലന്‍സ് ഡ്രൈവര്‍ കേരളക്കരയില്‍ വീണ്ടും താരമാകുന്നു



കൊച്ചി: മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലേയ്ക്ക് പറന്നെത്തിയ ആംബുലൻസിന്‍റെ സാരഥി കേരളക്കരയില്‍ താരമാകുന്നത് ഇത് രണ്ടാം തവണ. ആംബുലന്‍സിന്‍റെ വളയം പിടിച്ച ഹസന്‍ ദേളി എന്ന 34 കാരന്‍ കുഞ്ഞിന്‍റെ ജീവനും കൊണ്ട് നാന്നൂറ്റി അമ്പതോളം കിലോമീറ്ററുകള്‍ താണ്ടി ശരവേഗത്തില്‍ അമൃതയിലെത്തിയത് അഞ്ച് മണിക്കൂര്‍ കൊണ്ട്. 


കെഎല്‍-60 - ജെ 7739 എന്ന ആ ആംബുലൻസിന്‍റെ വളയം പിടിച്ച ഹസന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പ്രതിബന്ധങ്ങളും തിരഞ്ഞുമറിഞ്ഞ റോഡുമെല്ലാം വഴി മാറിക്കൊടുത്തു. ഹൃദയ ശസ്‌ത്രക്രിയക്ക് വേണ്ടിയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് കുഞ്ഞിനെ കൊണ്ടുന്നത്. രാവിലെ 11.15 ഓടെയാണ് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് 4 മണി പിന്നിട്ടപ്പോഴാണ് അമൃതയുടെ കവാടം കടന്ന് വിശ്രമിച്ചത്.  


കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള  കുഞ്ഞാണ് ജീവന് വേണ്ടി ആശുപത്രിയില്‍ പോരടിക്കുന്നത്. ഉദുമ സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്‍ററിന്‍റേതാണ് ആംബുലൻസ്. ദീർഘകാലമായി ഹസ്സൻ തന്നെയാണ് ഈ ആംബുലൻസ് ഓടിക്കുന്നത്. കാസർഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശിയായ ഹസ്സൻ ദേളി  തന്‍റെ ദൗത്യം ഏറ്റവും കൃത്യമായി നിര്‍വ്വഹിച്ചതിന്‍റെ പേരില്‍ ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.


2017 ഡിസംബർ മാസം പത്താം തീയ്യതി മംഗലാപുരത്തെ എജെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. കാസർഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് ഹസ്സൻ തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമാണ് ഹസ്സൻ ദൂരം താണ്ടാനെടുത്തത്. കേരളക്കരയുടെ അഭിമാനമായി അന്ന് തന്നെ ഹസ്സൻ മാറിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K