23 April, 2019 10:15:56 AM


ഏറ്റുമാനൂരിൽ പ്രവാസി മലയാളിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ മധ്യവയസ്ക കൊല്ലപ്പെട്ടു



ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ആൾതാമസമില്ലാത്ത വീട്ടിൽ മധ്യവയസ്ക കൊല ചെയ്യപ്പെട്ട നിലയിൽ. കട്ടച്ചിറ കടവിൽ രാജന്‍റെ ഭാര്യ ഉഷാകുമാരി (50) ആണ് മരിച്ചത്. ഉഷാകുമാരിയെ വധിച്ച ശേഷം നാടുവിട്ട പ്രതി വീട്ടുടമയുടെ ബന്ധുവിനെ കൊലപാതകവിവരം വിളിച്ചറിയിച്ചക്കുകയായിരുന്നു. രാജന്‍റെ കൂടെ കൂലിപണിക്ക് പോകാറുള്ള മറ്റക്കര സ്വദേശി പ്രഭാകരന്‍ (70) ആണ് താന്‍ കൊല ചെയ്ത വിവരം വീട്ടുടമ ഏറ്റുമാനൂര്‍ പാനൂര്‍ ടോമി ജോസഫിന്‍റെ സഹോദരി വത്സമ്മയെ വിളിച്ചറിയച്ചത്. പോലീസ് പ്രഭാകരനു വേണ്ടി തെരച്ചില്‍  ആരംഭിച്ചു. 


സൗത്ത് ആഫ്രിക്കയിലുള്ള വീട്ടുടമ ടോമി ജോസഫ് രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. വീടിന്‍റെ താക്കോല്‍ സഹോദരി വത്സമ്മയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മാസത്തില്‍ രണ്ടും മൂന്നും തവണ വീട് വ‍ൃത്തിയാക്കാന്‍ ഉഷാകുമാരി എത്താറുണ്ട്. മറ്റക്കര സ്വദേശിയായ പ്രഭാകരന്‍ ടോമിയുടെയും ബന്ധുക്കളുടെയും വീടുകളില്‍ കഴിഞ്ഞ അമ്പതോളം വര്‍ഷമായി ഇവരുടെ വിശ്വസ്തനായി പണിക്ക് നില്‍ക്കുന്ന ആളാണ്. മാത്രമല്ല കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി ഉഷാകുമാരിയുടെ ഭര്‍ത്താവിനോടൊപ്പവും പല സ്ഥലങ്ങളിലും ഇയാള്‍ ഒന്നിച്ച് പണിക്കു പോയിട്ടുണ്ട്. അങ്ങിനെയുള്ള പരിചയമാണ് തനിക്ക് പ്രഭാകരനുമായുള്ളതെന്ന് രാജന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.


കൃത്യം നടത്തിയ ശേഷം വീട് പൂട്ടി പുറത്തിറങ്ങിയ പ്രഭാകരന്‍ ഉഷയെ വീട്ടില്‍ കൊന്നിട്ടിരിക്കുകയാണെന്നും താന്‍ കോഴിക്കോട് നിന്നാണ് വിളിക്കുന്നതെന്നും ടോമിയുടെ സഹോദരിയുടെ വീട്ടിലേക്ക് ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതെ തുടർന്ന് വത്സമ്മ മറ്റക്കരയിൽ താമസിക്കുന്ന മറ്റ് സഹോദരങ്ങളെ വിളിച്ച് വരുത്തിയ ശേഷം ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. കഴുത്തില്‍ തോര്‍ത്തിട്ട് വരിഞ്ഞ് മുറുക്കിയാകണം വധിച്ചതെന്നാണ് പ്രാഥമിക നിഗമനം. മ‍ൃതദേഹത്തിനടുത്ത് നിന്ന് തോര്‍ത്ത് കണ്ടെടുത്തു. അടുക്കളയോട് ചേര്‍ന്ന് കിടക്കുന്ന മ‍തദേഹം മുന്‍ ഭാഗത്തെ കിടപ്പുമുറിയില്‍ നിന്നും വലിച്ച് കൊണ്ടുപോയതിന്‍റെ അടയാളങ്ങളും കണ്ടെത്തി. 


തിങ്കളാഴ്ച രാവിലെ പതിവുപോലെ പണിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഉഷാകുമാരി വീട്ടില്‍ നിന്നിറങ്ങിയത്. വിവിധ വീടുകളില്‍ ജോലിക്ക് പോകുന്ന ഉഷ സാധാരണ വൈകിട്ട് 5.30 മണിയോടെ തിരിച്ചെത്താറാണുള്ളത്. എന്നാല്‍ ഇന്നലെ പതിവിലും വൈകിയപ്പോള്‍ അയല്‍കൂട്ടവുമായി ബന്ധപ്പെട്ട് എങ്ങോട്ടെങ്കിലും പോയതാകാം എന്നു കരുതി. മകളുടെ കല്യാണത്തിന് മുന്നോടിയായി ഉഷാകുമാരി ചിലരോട് പണം കടം ചോദിച്ചിരുന്നു. അതിനായി വല്ലയിടത്തും പോയി താമസിച്ചതാകാം എന്നും കരുതി. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷവും എത്താതിരുന്നതോടെ സ്ഥിരമായി പോകുന്ന വീടുകളില്‍ തിരക്കി. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള ആളായതിനാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും തിരക്കി. ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലും മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തിലും വരെ എത്തി രാത്രി വളരെ വൈകിയുള്ള അന്വേഷണം. പക്ഷെ ഫലമുണ്ടായില്ല.


ഇതിനിടെ ഉഷാകുമാരിയെ തിരക്കി ബന്ധുക്കള്‍ പ്രഭാകരനെ വിളിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ തന്നെ തിരികെ പോന്നതായാണ് മറുടി നല്‍കിയത്രേ. രാവിലെ ഏഴ് മണിയോടെ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി ഉഷാകുമാരിയെ കാണാനില്ലെന്ന വിവരം അറിയിച്ചിരുന്നു. ഇതിനുശേഷം ഏഴര മണിയോടെയാണ് കൊലപാതകവിവരം അറിയുന്നത്. രാജന്‍ പറയുന്നു. തിങ്കളാഴ്ച ഉച്ചയോടെ ടോമിയുടെ സഹോദരിയുടെ വീട്ടിലെത്തിയ പ്രഭാകരൻ, തന്‍റെ ഭാര്യ അസുഖ ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നും രണ്ടായിരം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഈ പണവുമായാണത്രേ പ്രഭാകരന്‍ മുങ്ങിയത്. രതീഷ് (ഡ്രൈവര്‍), രഞ്ജിനി എന്നിവരാണ് ഉഷയുടെ മക്കള്‍.


എഎസ്പി രീഷ്മാ രമേശന്‍, ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍, ഏറ്റുമാനൂര്‍ സിഐ മഞ്ജുലാല്‍, എസ്ഐ എബി എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും മറ്റും സ്ഥലത്തെത്തി. മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K