26 April, 2019 01:38:30 PM


പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച സീരിയല്‍ നടന്‍ അറസ്റ്റില്‍



തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ വിദേശത്തു ജോലി ചെയ്യുന്ന പ്രതിശ്രുതവരന് അയച്ചുകൊടുത്ത പാലോട് കരിമണ്‍കോട് സ്വദേശി ഷാന്‍ (25) ആണ് പിടിയിലായത്. സീരിയലില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞു വിശ്വാസം പിടിച്ചുപറ്റിയ ഇയാള്‍ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍, നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്ന് തര്‍ക്കങ്ങള്‍ ഉണ്ടായതോടെ ഇരുവരും പിരിയുകയായിരുന്നു.


ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ ഷാന്‍, യുവാവിന് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ യുവാവ് പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പാലോട് പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഷാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ആറു വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഷാന്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പലര്‍ക്കായി അയച്ചുകൊടുത്തത്. പോക്‌സോ, ഐ.ടി. ആക്‌ട് എന്നിവ പ്രകാരമാണ്‌ ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K