26 April, 2019 02:37:40 PM


അര്‍ധരാത്രിയില്‍ നീളുന്ന ഫോണ്‍വിളികള്‍; ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു



കൊച്ചി: ഫോണ്‍വിളികള്‍ അര്‍ധരാത്രിയിലും രൂക്ഷമായതോടെ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. എറണാകുളം ജില്ലയില്‍ കണ്ണമാലി സ്വദേശിനി ഷേര്‍ളി(44)ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സേവിയറിനെ (67) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫോണ്‍ വിളിക്കുന്നതുമായി ബന്ധപ്പെട്ട് ഷേര്‍ളിയും സേവ്യയറും തമ്മില്‍ വഴക്ക് പതിവായിരുന്നു. പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷം വന്ന ഒരു ഫോണ്‍ കോള്‍ സ്വീകരിച്ച്‌ ഷേര്‍ളി സംസാരിച്ചതാണ് വാക്കേറ്റത്തിലും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചത്. കൊല നടന്ന വിവരം സേവിയര്‍ തന്നെയാണ് പൊലീസില്‍ വിളിച്ചറിയിച്ചത്.

ഫോണ്‍ വിളിക്കുന്നത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് പുലര്‍ച്ചെ വഴക്ക് ഉണ്ടായെന്നും തുടര്‍ന്ന് തോര്‍ത്തു കൊണ്ടു ഷേര്‍ളിയുടെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നും സേവ്യര്‍ പൊലീസിനു മൊഴി നല്‍കി. ഭാര്യയോടുള്ള സംശയവും അര്‍ധരാത്രിയിലും ഫോണില്‍ പലരുമായും സംസാരിക്കുന്നതിലുള്ള അസ്വസ്ഥതയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K