27 April, 2019 01:21:07 PM


ശ്രീലങ്കയില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടി; ആറു കുട്ടികള്‍ ഉള്‍പ്പെടേ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു



കൊളംബോ: ശ്രീലങ്കയില്‍ ഐഎസ്ഐഎസ് ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിന് ശേഷം സൈന്യം നടത്തിയ തിരച്ചിലിനിടെ മൂന്ന് സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടെ പതിനഞ്ചോളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ശ്രീലങ്കന്‍ പൊലീസ് വ്യക്തമാക്കി. മരിച്ചവരില്‍  ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു.

കല്‍മുനായിയില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വീട് പരിശോധിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് സൈനിക വക്താവ് സുമിത് അട്ടപ്പട്ടു അറിയിച്ചു.  വീട്ടുകാര്‍ക്കൊപ്പം താമസിക്കുകയായിരുന്ന മൂന്ന് ഐഐസ്ഐഎസ് ചാവേറുകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. 

പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ചാവേറുകളുടെ മൃതദേഹം വീടിന് പുറത്തും വീട്ടുകാരുടെ മൃതദേഹം വീടിനുള്ളിലുമായാണ് കാണപ്പെട്ടത്. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ സൈനിക നടപടി ശക്തിപ്പെടുത്തിയിരുന്നു. എല്ലാ വീടുകളിലും പരിശോധന നടത്തുമെന്നും അനധികൃത താമസക്കാരെ കണ്ടെത്തുമെന്നും പ്രസിഡന്‍റ് മൈത്രിപാല സിരിസേന നേരത്തെ വ്യക്തമാക്കിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K