30 April, 2019 03:38:08 PM


'ഒരു മാസത്തിനകം നഗരം ശുചിയായില്ലെങ്കില്‍ എന്നെ ക്രൂശിച്ചോളു' - ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍



ഏറ്റുമാനൂര്‍: ഏഴരപൊന്നാനയുടെ നാട് ഒരു മാസത്തിനകം മാതൃകാ ശുചിത്വ നഗരമായി മാറുമെന്ന് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്. ചൊവ്വാഴ്ച നടന്ന നഗരസഭാ കൗണ്‍സിലിലായിരുന്നു ചെയര്‍മാന്‍റെ പ്രഖ്യാപനം ഉണ്ടായത്. ഒരു മാസത്തിനകം നഗരം വൃത്തിയാക്കാനായില്ലെങ്കില്‍ തന്നെ ക്രൂശിച്ചോളാനും അദ്ദേഹം പറഞ്ഞു. നടപ്പിലാക്കാമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ പ്രഖ്യാപനം നടത്താവു എന്ന കൗണ്‍സിലര്‍ യദുകൃഷ്ണന്‍റെ മുന്നറിയിപ്പിന് മറുപടിയായാണ് ക്ലീന്‍ സിറ്റി പ്രാവര്‍ത്തികമായില്ലെങ്കില്‍ തന്നെ ക്രൂശിച്ചോളാന്‍ ചെയര്‍മാന്‍ പറഞ്ഞത്. 


നഗരത്തില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കും. മത്സ്യമാര്‍ക്കറ്റില്‍ നിന്നും തെര്‍മോക്കോള്‍, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ നഗരസഭാ പരിസരത്തും മറ്റും ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരെ കര്‍ശനനടപടി മാത്രമല്ല പിടിക്കപ്പെട്ടാല്‍ മത്സ്യവ്യാപാരിയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പെടെ ഏറ്റുമാനൂരിന്‍റെ ശുചിത്വം നഗരസഭാ കൗണ്‍സിലില്‍ ഒട്ടേറെ തവണ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതാണെന്നും പക്ഷെ ഒന്നും പ്രാവര്‍ത്തികമാക്കാനായില്ലെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടികാട്ടി. എന്നാല്‍ ഇത് അതുപോലെയല്ലെന്നും ഒരു മാസം കഴിഞ്ഞ് അഭിപ്രായം പറഞ്ഞാല്‍ മതിയെന്നുമായിരുന്നു ചെയര്‍മാന്‍റെ മറുപടി.


നഗരത്തിന്‍റെ മുഖഛായ മാറ്റുന്നതിന് മുന്നോടിയായി പുല്ലു ചെത്തുന്നതും കാട് വെട്ടിതെളിക്കുന്നതും ഉള്‍പ്പെടെയുള്ള പണികള്‍ ആരംഭിച്ചു കഴിഞ്ഞതായി ചെയര്‍മാന്‍ അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനായി നഗരസഭയ്ക്കു ചുറ്റുമായി സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ കേടായത് എല്ലാം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും. 30 മീറ്റര്‍ ദൂരത്തില്‍ വരെ ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്താന്‍ കഴിവുള്ള 28 കാമറകളാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്.


മീനച്ചിലാറും നഗരസഭാ അതിര്‍ത്തിയിലെ തോടുകളും കിണറുകളും ഉള്‍പ്പെടെയുള്ള ജലസ്ത്രോതസുകളും മാലിന്യമാകുന്നത്തിനു കാരണമായ ഉറവിടങ്ങള്‍ കണ്ടെത്തി അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ഉദ്ദേശത്തോടെ ഒരു വര്‍ഷം മുമ്പ് വിഭാവനം ചെയ്ത ക്ഷേത്രനഗരം ശുചിത്വനഗരം പദ്ധതി ഇതുവരെ പൂര്‍ണ്ണതയില്‍ എത്തിയിരുന്നില്ല. ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ വിവിധ പദ്ധതികളായ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ്, റിംഗ് കമ്പോസ്റ്റ്, പ്ലാസ്റ്റിക് കുപ്പികളുടെ കളക്ഷന്‍ സെന്‍ററുകള്‍, സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഇവയെല്ലാം നടപ്പിലാകാനിരിക്കെയാണ് ഒരു മാസം കൊണ്ട് നഗരത്തിന്‍റെ മുഖഛായ മാറ്റുമെന്ന ചെയര്‍മാന്‍റെ പ്രഖ്യാപനം.



അതേസമയം 35 വാര്‍ഡുകളുള്ള നഗരസഭയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് ജീവനക്കാരില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. കണ്ടിജന്‍സി ജീവനക്കാരുടെ 23 ഒഴിവുകളാണ് നഗരസഭയില്‍ ഉള്ളത്. ഈ തസ്തികകളില്‍ മുഴുവന്‍ നിയമനം നടന്നിട്ടുണ്ടെന്നും ഇവരില്‍ ഒമ്പത് ജീവനക്കാരെ മാത്രമാണ് ശൂചീകരണപ്രവ്ര‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ നഗരസഭാ കാര്യാലയത്തിനുള്ളില്‍ വിവിധ ഓഫീസ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുകയാണെന്ന് കൌണ്‍സിലര്‍മാര്‍ തന്നെ ആരോപിക്കുന്നു. നഗരസഭാ ആസ്ഥാനത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന മാലിന്യസംസ്കരണ പ്ലാന്‍റുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. പ്ലാന്‍റിനു ചുറ്റും തെര്‍മ്മോക്കോള്‍ പെട്ടികളുടെയും മറ്റ് മാലിന്യങ്ങളുടെയും കൂമ്പാരമാണ്.


നഗരമധ്യത്തിലെ മത്സ്യമാര്‍ക്കറ്റ് മാറ്റി സ്ഥാപിച്ചാലേ ഏറ്റുമാനൂര്‍ സമ്പൂര്‍ണ്ണ ശുചിത്വനഗരമാകുകയുള്ളുവെന്നും ചൂണ്ടികാണിക്കപ്പെടുന്നു. മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ നഗരസഭ ആസ്ഥാനത്തിനും ബസ് സ്റ്റാന്‍റുകള്‍ക്കും സമീപത്തുകൂടിയുള്ള  നിരത്തുകളിലും ഓടകളിലും പരന്നൊഴുകുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ദുര്‍ഗന്ധപൂരിതമായ ഈ പ്രദേശങ്ങളില്‍ നട്ടുച്ചയ്ക്കു പോലും മൂക്ക് പൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണിപ്പോള്‍. ഇത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ കാട്ടുന്ന വിമുഖതയാണ് നാട്ടുകാര്‍ക്ക് മനസിലാകാത്തത്. 


നിരോധിക്കപ്പെട്ട തെര്‍മോക്കോള്‍ പെട്ടികളും പ്ലാസ്റ്റിക് കവറുകളും വന്‍തോതില്‍ ഉപയോഗിക്കുന്നതും മത്സ്യാവശിഷ്ടങ്ങള്‍ ദിവസങ്ങളോളം മാര്‍ക്കറ്റില്‍ സൂക്ഷിക്കുന്നതും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് മത്സ്യവ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതാണ്. അന്ന് നടത്തിയ പരിശോധനയില്‍ വ്യാപാരികളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം ഏറ്റുമാനൂരിലെ വിപണിയില്‍ ധാരാളമായി എത്തുന്നുവെന്നും കണ്ടെത്തിയിരുന്നു. പക്ഷെ തുടര്‍നടപടികള്‍ കാര്യമായി ഉണ്ടായില്ല.

 

ഇതിനിടെ നഗരസഭയുടെ ഭരണനിര്‍വ്വണവും പദ്ധതിനിര്‍വ്വഹണവും സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയുണ്ടാകണമെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് ആവശ്യപ്പെട്ടു. ഒന്നര വര്‍ഷമായി നഗരസഭയുടെ സ്റ്റിയറിംഗ് കമ്മറ്റി കൂടിയിട്ട് എന്നും പദ്ധതിനിര്‍വ്വഹണം അവതാളത്തിലാകുകയും ഫണ്ടുകള്‍ ലാപ്സാകുകയും ചെയ്യുന്നത് സ്ഥിരം സംഭവമാകുന്നത് സ്റ്റിയറിംഗ് കമ്മറ്റി കൂടാത്തതിന്‍റെ പ്രത്യാഘാതമാണെന്നും മോഹന്‍ദാസ് ചൂണ്ടികാട്ടി. ഈ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിന് മാത്രമായി അടുത്ത് തന്നെ ഒരു കമ്മറ്റി കൂടുന്നതാണെന്നും ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K