01 May, 2019 11:46:53 AM


നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന് ആറ് മാസത്തേക്ക് വിലക്ക്; പ്രാഥമിക ഓഹരി വില്‍പ്പനയും നടക്കില്ല



മുംബൈ: ദേശീയ ഓഹരി സൂചികയായ നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിനെ ഓഹരി വിപണിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും  സെബി (സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിലക്കി. കോ- ലൊക്കേഷന്‍ കേസില്‍ സ്റ്റേക്ക് എക്സചേഞ്ച് അനധികൃത ലാഭമുണ്ടാക്കിയതിന്‍റെ പേരിലാണ് സെബിയുടെ നടപടി. ഇതോടെ അടുത്ത ആറ് മാസത്തേക്ക് എന്‍എസ്ഇക്ക് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്താന്‍ കഴിയില്ല.


സ്വന്തം നിലയ്ക്ക് ഓഹരികളും കടപത്രങ്ങളും വാങ്ങുന്നതിനും നിയന്ത്രണമുണ്ട്. എന്നാല്‍, നടപടി എന്‍എസ്ഇയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് സെബി അറിയിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ 624.89 കോടി രൂപയും അതിന്‍റെ 12 ശതമാനം വാര്‍ഷിക പലിശയും സെബിയുടെ ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് എഡ്യുക്കേഷന്‍ ഫണ്ടിലേക്ക് അടയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 


കോ- ലൊക്കേഷന്‍ സൗകര്യം എന്ന പേരില്‍ സ്റ്റോക് എക്സചേഞ്ചിലോ അതിനടുത്തോ സ്വന്തം കംപ്യൂട്ടര്‍ സംവിധാനം സ്ഥാപിക്കാന്‍ പ്രമുഖരായ ചില ഓഹരി ദല്ലാള്‍മാര്‍ക്ക് എന്‍എസ്ഇ അനുമതി നല്‍കിയ സംഭവമാണ് വിലക്കിന് കാരണം. ഇതുവഴി ഓഹരി വിവരങ്ങള്‍ നേരത്തെ അറിയാന്‍ ദല്ലാള്‍മാര്‍ക്ക് കഴിഞ്ഞുവെന്നും ഇതിലൂടെ 624.89 കോടി രൂപയുടെ തട്ടിപ്പ് നടന്നതായുമാണ് സെബി പറയുന്നത്. എന്‍എസ്ഇയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍മാരായിരുന്ന രവി നാരായണന്‍, ചിത്ര രാമകൃഷ്ണ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്. 2011-13 കാലഘട്ടത്തില്‍ ഇവര്‍ വാങ്ങിയ ശമ്പളത്തിന്‍റെ 25 ശതമാനം ഒന്നര മാസത്തിനകം തിരികെ നല്‍കാനും സെബി നിര്‍ദ്ദേശിച്ചു. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K