01 May, 2019 01:06:29 PM


കൂത്താട്ടുകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് പള്ളിക്കത്തോട് സ്വദേശികളായ 2 പേര്‍ മരിച്ചു



കൂത്താട്ടുകുളം: എം.സി.റോഡില്‍ അമ്പലം കുന്ന് ഭാഗത്ത് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. കോട്ടയം പള്ളിക്കത്തോട് പുതുപ്പറമ്പില്‍ അലീന ജോസഫ് (18), എബിന്‍ അനിയന്‍ (13) എന്നിവരാണ് മരിച്ചത്. എബിന്‍റെ പിതാവ് അനിയനെ (44) പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ബുധനാഴ്ച രാവിലെ 6.20ന് ആയിരുന്നു അപകടം. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വരികയായിരുന്നു കാര്‍. ഏറ്റുമാനൂര്‍ സ്വദേശിയുടെ ടിപ്പര്‍ ലോറി മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു. കുവൈറ്റിലായിരുന്ന അലീന എന്‍ട്രന്‍സ് പരീക്ഷ എഴുതാനായി എത്തിയതാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് അലീനയെയും കൂട്ടി പിതൃസഹോദരനായ അനിയനും മകന്‍ എബിനും വീട്ടിലേക്കും പോരും വഴിയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.



അലീനയുടെയും എബിന്‍റെയും മൃതദേഹം കൂത്താട്ടുകുളത്ത് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുക ആയിരുന്നു. കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K