07 May, 2019 07:13:57 PM


മോസ്കോയില്‍ വിമാനത്തിന് തീ പിടിച്ച് 41പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മുന്‍നിര യാത്രക്കാര്‍



മോസ്‌കോ : മോസ്‌കോ വിമാനത്താവളത്തിൽ 78 യാത്രക്കാരുമായി പറന്നിറങ്ങിയ എയ്‌റോഫ്ലോട്ടിന്‍റെ എസ്എസ്ജെ 100 വിമാനത്തിന് തീപിടിച്ച് 41 പേര്‍ മരിച്ചു. മോസ്കോയിലെ ഷെർമേത്യേവോ വിമാനത്താവളത്തിൽ നിന്നും മുർമാൻസ്‌കിലേക്കുള്ള യാത്ര തുടങ്ങി അധികം താമസിയാതെ തിരിഞ്ഞ്, ഒരു എമർജൻസി ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. വിമാനം നിലത്തിറക്കാൻ വേണ്ടി പൈലറ്റ് ശ്രമിക്കുന്നതിനിടെ റൺവേയിൽ തട്ടി രണ്ടുവട്ടം ഉയർന്നു താഴുകയും വളരെ പെട്ടെന്നുതന്നെ തീ ആളിപ്പടരുകയുമായിരുന്നു. 


തീ വളരെപ്പെട്ടെന്ന് പടർന്നു പിടിച്ച വിമാനത്തിന്‍റെ പിൻഭാഗത്ത് കുടുങ്ങിപ്പോയവരാണ് മരിച്ചത്. മരിച്ചവരിൽ ഒരു കാബിൻ ക്രൂ അംഗവും ഉൾപ്പെടും. തീ നിയന്ത്രണാധീനമാക്കാൻ പണിപ്പെട്ട മോസ്‌കോ ഫയർ റെസ്ക്യൂ സർവീസിലെ അഗ്നിശമന സേനാംഗങ്ങളാണ് വിമാനത്തിൽ നിന്നും 41  മൃതദേഹങ്ങള്‍ പുറത്തെടുത്തത്. വിമാനത്തിലെ എല്ലാവരെയും തന്നെ രക്ഷപ്പെടുത്താൻ വേണ്ട സമയം ഉണ്ടായിരുന്നു എന്നാണ് രക്ഷാപ്രവർത്തകർ പറഞ്ഞത്. 



തീ പടർന്നു തുടങ്ങി സെക്കന്‍റുകൾക്കകം കാബിൻ ക്രൂ വിമാനത്തിന്‍റെ മുൻവശത്തുള്ള വാതിൽ എമർജൻസി ഒഴിപ്പിക്കലിന് കണക്കാക്കി തുറന്നു. ഒപ്പം യാത്രക്കാർക്ക് ഊർന്നിറങ്ങാനുള്ള റബ്ബർ സ്ലൈഡും വീർത്തുവന്നു. സാഹചര്യത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ ഫ്‌ളൈറ്റ് സ്റ്റീവാർഡസ് പല യാത്രക്കാരുടെയും കോളറിൽ പിടിച്ചു വലിച്ചാണ് പുറത്തേക്ക് നയിച്ചത്. മുൻ വശത്ത് ഫ്‌ളൈറ്റ് സ്റ്റീവാർഡ് താത്യാന വാതിൽ തുറന്ന് യാത്രക്കാരെ ഒന്നൊന്നായി പുറത്തുവിടാൻ പ്രയത്നിക്കുമ്പോൾ, അവരുടെ സഹപ്രവർത്തകൻ മാക്സിം മോയിസ്‌സേവിനെ, വിമാനത്തിന്‍റെ പിൻഭാഗത്ത് എമർജൻസി എക്സിറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ തീനാളങ്ങൾ വിഴുങ്ങിക്കഴിഞ്ഞിരുന്നു. 


എന്നാൽ, വിമാനത്തിന്‍റെ മുൻഭാഗത്ത് ഇരുന്നിരുന്ന ചില യാത്രക്കാരുടെ സ്വാർത്ഥമായ പെരുമാറ്റമാണ് പിൻഭാഗത്ത് ഇരുന്ന പലരുടെയും ജീവൻ നഷ്ടപ്പെടാനിടയാക്കിയതെന്ന് പറയപ്പെടുന്നു. പത്താമത്തെ വരിയുടെ പിന്നിലേക്കുള്ള സീറ്റുകളിൽ ഇരുന്ന യാത്രക്കാരിൽ വെറും മൂന്നുപേർക്ക് മാത്രമാണ് ജീവനോടെ വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞത്. വിമാനം അത്രയും ബഹളത്തോടെയും കുലുക്കത്തോടെയും ലാൻഡ് ചെയ്തിട്ടും, പുറത്ത് തീ പിടിച്ചു എന്ന് മനസ്സിലായിട്ടും, മുന്‍നിരയിലുണ്ടായിരുന്ന പല യാത്രക്കാരും സ്വാര്‍ത്ഥത കൈവിടാതെ തങ്ങളുടെ ബാഗേജുകള്‍ പെറുക്കുന്ന തിരക്കിലായിരുന്നു. ഇത് മറ്റുള്ളവര്‍ക്ക് രക്ഷപെടാനുള്ള അവസരം ഇല്ലാതാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K