08 May, 2019 09:31:43 AM


വളാഞ്ചേരി പീഡനം: ഇടത് നഗരസഭാ കൗൺസിലർ ഷംസുദ്ദീനെതിരെ ലുക് ഔട്ട് നോട്ടീസ്



മലപ്പുറം: വളാഞ്ചേരി പോക്സോ കേസിലെ പ്രതിയായ എൽഡിഎഫ് നഗരസഭാ കൗൺസിലർ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വളാഞ്ചേരി നഗരസഭ 32ആം വാർഡിലെ ഇടതുപക്ഷത്തിന്‍റെ സ്വതന്ത്ര കൗൺസിലറാണ് ഷംസുദ്ദീൻ നടക്കാവിൽ. മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പതിനാറ് വയസുകാരിയായ പെൺകുട്ടിയെ ഒരു വർഷമായി പീഡിപ്പിക്കുന്നുവെന്നാണ് ഇയാൾക്കെതിരായ കേസ്. ഷംസുദ്ദീൻ വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയ സൂചന.


പതിനാറ് വയസുകാരിയായ പെൺകുട്ടി ഒരാഴ്ച മുമ്പാണ് ഇയാൾക്കെതിരായി പരാതി നൽകിയത്. ഒരു വർഷമായി ഷംസുദ്ദീൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെൺകുട്ടി ചൈൽഡ് ലൈനോട് വെളിപ്പെടുത്തിയത്. തനിക്കെതിരെ പരാതി വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഷംസുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു.   ഇയാൾ മലേഷ്യയിലേക്കോ തായ്‍ലന്‍റിലേക്കോ കടന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഈ രണ്ട് രാജ്യങ്ങളിലും ഷംസുദ്ദീന് ചില ബിസിനസ് ബന്ധങ്ങളുണ്ട്.


പ്രതിയെ ഒളിവിൽ പോകാൻ വളാഞ്ചേരിക്കാരൻ തന്നെയായ മന്ത്രി കെ ടി ജലീൽ സഹായിച്ചു എന്ന ആരോപണം വി ടി ബൽറാം എംഎൽഎയും മുസ്ലീം ലീഗും ഉയർത്തിയിരുന്നു. മന്ത്രിയും ഷംസുദ്ദീനും തമ്മിലുള്ള ബന്ധമുണ്ടെന്ന് ആരോപിച്ച് ചില ഫോട്ടോകളും വി ടി ബൽറാം ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു. നിയമസഭാ ഭാഷാസമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിൽ മന്ത്രിക്കൊപ്പം ഷംസുദ്ദീനും പങ്കെടുത്തിരുന്നു. ഒരാൾ ഭാവിയിൽ എന്താണ് ചെയ്യാൻ പോകുന്നത്, ഭാവിയിൽ ഏത് കേസിൽ അകപ്പെടും തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി കണ്ട് സമീപനം സ്വീകരിക്കാൻ ആകില്ലെന്നും പ്രതിയെ ഒളിവിൽ പോകാൻ താൻ സഹായിച്ചിട്ടില്ലെന്നുമാണ് ആരോപണത്തോടുള്ള കെ ടി ജലീലിന്‍റെ മറുപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K