08 May, 2019 10:07:59 PM


സെറ്റില്‍മെന്‍റ് കോളനിക്ക് പുതിയ മുഖം; തുണയായത് അംബേദ്കര്‍ പദ്ധതി




കൊച്ചി: 'ഒരു മുറി പോലും സിമന്റ് തേക്കാന്‍ കഴിവില്ലാതിരുന്ന എന്റെ വീട് മുഴുവന്‍ സിമന്റ് തേച്ചു. മകളുടെ വിവാഹത്തിന് എന്ത് ചെയ്യുമെന്ന് വിചാരിച്ച് വിഷമിച്ചിട്ടുണ്ട്. സിമന്റ് തേച്ച് പെയിന്റടിച്ച വീടിന്റെ മുമ്പില്‍ നിന്ന് കുന്നുകര രാമന്‍ തറയില്‍ ശാരദ നിറഞ്ഞ ചിരിയില്‍ പറഞ്ഞു തീര്‍ത്തത് ഒരിക്കലും നടക്കില്ലെന്നു വിചാരിച്ചത് നടന്നതിന്റെ സന്തോഷത്തിലാണ്. ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ച ശാരദയുടെ വീട്ടില്‍ അമ്മയും സഹോദരിയും മകളുമാണ് ഉള്ളത്. താമസിക്കാന്‍ വീടുണ്ടായിരുന്നുവെങ്കിലും മോശമായ അവസ്ഥയിലായിരുന്നു. കൂടുതല്‍ വൃത്തിയുള്ള വീട് നിര്‍മ്മിക്കുക എന്നത് വീട്ടുപണിക്കുപോയി ഉപജീവനം കഴിക്കുന്ന ശാരദക്ക് സ്വപ്നം മാത്രം.

ഈ അവസ്ഥയിലാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ പെടുത്തി ശാരദ ഉള്‍പ്പടെയുള്ളവരുടെ 59 വീടുകള്‍ നവീകരിച്ചു നല്‍കിയത്. ഇടിഞ്ഞു വീണാറായ അടുക്കളയില്‍ മഴയെ പേടിച്ചു ജീവിതം നീക്കിയത് കുന്നുകരയിലെ സെറ്റില്‍മെന്റ് കോളനിക്കാര്‍ക്ക് ഇതോടെ പഴങ്കഥയായി. തുണികൊണ്ടു മറച്ച ജനലുകളും, സിമന്റു തേയ്ക്കാത്ത  ബലമില്ലാത്ത ചുവരുകളും പണ്ടത്തെ വീടിന്റെ ഓര്‍മയും. കുന്നുകര ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് സെറ്റില്‍മെന്റ് പട്ടികജാതി കോളനി. 64 കുടുംബങ്ങളാണ് ഉള്ളത്. വീടുകളെല്ലാം ശോചനീയ അവസ്ഥയിലായിരുന്നു. ഭൂരിഭാഗം വീടുകളും മുഴുവന്‍ നിര്‍മ്മാണവും പൂര്‍ത്തിയാക്കാത്തവയും.

വീടുണ്ടെങ്കിലും ജനലും വാതിലും ഇല്ലാത്തവയായിരുന്നു കൂടുതലും. സിമന്റുതേക്കാത്ത ചുവരുകളുള്ള വീടുകളുടെ അടുക്കള ഷീറ്റ് മേഞ്ഞതും. മഴക്കാലമായിരുന്നു ജീവിതം കൂടുതല്‍ കഷ്ടപ്പെടുത്തിയത്. അംബേദ്കര്‍ പട്ടികജാതി കോളനി നവീകരണ പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ പദ്ധതികളാണ് സെറ്റില്‍മെന്റ് കോളനിയില്‍ നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ശോച്യാവസ്ഥയിലായ വീടുകളെല്ലാം നവീകരിച്ചു. 59 വീടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. 28 വീടുകള്‍ക്ക് ഷീറ്റ് ഇടുന്ന ജോലിയാണ് ബാക്കിയുള്ളത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് എല്ലാ വീട്ടിലും പൈപ്പുവെള്ളം എത്തിക്കുന്നതിനുള്ള ജോലികളും പദ്ധതിയുടെ ഭാഗമായുണ്ട്.

17 വീടുകളില്‍ മാത്രമാണ് ഇവിടെ ഇതിന്റെ ജോലികള്‍ ബാക്കിയുള്ളത്. കൂടാതെ വീടുകള്‍ക്ക് ചുറ്റും സംരക്ഷണ ഭിത്തികളും നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. 32 വീടുകളുടെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണമാണ് ബാക്കിയുള്ളത്. റോഡ് നവീകരണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. പാറക്കടവ് ബ്ലോക്കിന്റെ കീഴില്‍ നെടുമ്പാശ്ശേരി, ചെങ്ങമനാട് പാറക്കടവ് എന്നീ പഞ്ചായത്തുകളിലും പട്ടികജാതി കോളനികള്‍ നവീകരണത്തിന്റെ പാതയിലാണ്. കുന്നുകരയില്‍ നിര്‍മ്മിതി കേന്ദ്രമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പട്ടികജാതി കോളനികളുടെ  അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്നതാണ് പദ്ധതി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K